മൂവാറ്റുപുഴ: മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ കനാലിൽ കൂടിയുള്ള 2024-25 വർഷത്തെ ജലവിതരണം 2025 ജനുവരി 6ന് ആരംഭിക്കും. ഇതിന് മുന്നോടിയായി 4,5 തിയതികളിൽ ഇടതുകര പ്രധാനകനാലിൽ കൂടി ട്രയൽ റൺ നടത്തുവാനും തുടർന്നുള്ള ദിവസങ്ങളിൽ മലങ്കര ഡാം മുതൽ കോട്ടയം ജില്ലയിലെ കിടങ്ങൂർ, കുറുമുള്ളൂർ, മാഞ്ഞൂർ, കടത്തുരുത്തി പ്രദേശങ്ങളിലും എറണാകുളം ജില്ലയിലെ ഇലഞ്ഞി, കൂത്താട്ടുകുളം, മുളക്കുളം, രാമമംഗലം എന്നീ പ്രദേശങ്ങൾ വരെയും ടേൺ അടിസ്ഥാനത്തിൽ ജലവിതരണം നടത്താനും തീരുമാനിച്ചു. വലതുകര പ്രധാന കനാലിൽ കൂടിയുള്ള ജലവിതരണം ജനുവരി 8ന് ആരംഭിക്കും. 2024-25 സാമ്പത്തിക വർഷത്തെ ആക്ഷൻ പ്ലാൻ പ്രവൃത്തികളിലും വിവിധ പഞ്ചായത്തുകളിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പ്രവൃത്തികളിലും ഉൾപ്പെടുത്തി കനാലുകളുടെ വാർഷിക അറ്റകുറ്റപ്പണികൾ ദ്രുതഗതിയിൽ പൂർത്തിയായി വരുന്നു. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നിർദ്ദേശ പ്രകാരം കൂടിയ അവലോകനയോഗത്തിൽ ജലവിതരണം സംബന്ധിച്ച മുന്നൊരുക്കങ്ങൾ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തതായി എം.വി.ഐ.പി സൂപ്രണ്ടിംഗ് എൻജിനിയർ പി.വി. സുരേഷ് ബാബു അറിയിച്ചു.