
കൊച്ചി: ഒരിഞ്ച് പിന്നോട്ടില്ലെന്ന് പൊലീസ്. പൊളിച്ചുമാറ്റാൻ തയ്യാറല്ലെന്ന് ക്ലബ്ബും. പുതുവർഷം പുലരും മുമ്പേ ഫോർട്ടുകൊച്ചിയിൽ 'ആളിക്കത്തിയ' പാപ്പാഞ്ഞി വിവാദം നിയമനടപടികളിലേക്ക് നീങ്ങിയേക്കും. കടുത്ത നടപടികളിലേക്ക് പൊലീസും വിവിധ വകുപ്പുകളും കടന്നേക്കുമെന്നതിനാൽ വിഷയം നിയമപരമായി നേരിടാൻ ഗാലാ ഡി ഫോർട്ട് കൊച്ചി ക്ലബ്ബ് തീരുമാനിച്ചു. കാർണിവൽ കമ്മിറ്റി പരേഡ് ഗ്രൗണ്ടിൽ ഒരുക്കിയ പാപ്പാഞ്ഞിക്ക് പുറമെ, ഡി ഫോർട്ട് കൊച്ചി ക്ലബ്ബ് ഫോർട്ട് കൊച്ചി വെളിയിൽ കൂറ്റൻ പാപ്പാഞ്ഞിയെ നിർമ്മിച്ചിട്ടുണ്ട്. ഇത് പൊളിച്ചുനീക്കണമെന്ന പൊലീസ് നിർദ്ദേശമാണ് പ്രതിഷേധമായത്.
പോയവർഷവും സമാനമായ വിഷയം ഉയർന്നിരുന്നു. ഗാലാ ഡി കൊച്ചി നിർമ്മിച്ച പാപ്പാഞ്ഞിക്ക് 50 അടി ഉയരമുണ്ട്. ഇതിന്റെ അനാവരണം ഇന്നലെ വിപുലമായി നടന്നു. കൊച്ചിൻ കാർണിവൽ ആഘോഷ ഭാഗമായി ഫോർട്ട്കൊച്ചി പരേഡ് മൈതാനിയിൽ അമ്പതടി ഉയരമുള്ള പാപ്പാഞ്ഞിയെ സ്ഥാപിക്കുന്നുണ്ട്. ഇത് 31ന് രാത്രി പുതുവർഷ പുലരിയിലേക്ക് കടക്കുമ്പോൾ അഗ്നിക്കിരയാക്കും. 
സർക്കാരിന്റെ സുരക്ഷാ പരിശോധനകളെല്ലാം പാലിച്ചാണ് പാപ്പാഞ്ഞി നിർമ്മിച്ചിരിക്കുന്നത്.കൊച്ചിക്കാരുടെ പുതുവത്സര ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതാണ് പാപ്പാഞ്ഞിയെ കത്തിക്കൽ. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാർണിവലിനോടനുബന്ധിച്ച് ലോകപ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്.
 സുരക്ഷയ്ക്ക് വെല്ലുവിളിയെന്ന് പൊലീസ്
ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് ഗാലാ ഡി കൊച്ചി പാപ്പാഞ്ഞിയെ നിർമ്മിച്ചത്. അഞ്ച് ദിവസം മുമ്പാണ് ഇത് നീക്കം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയത്. കഴിഞ്ഞ 40 വർഷമായി നടക്കുന്ന കൊച്ചിൻ കാർണിവലിന്റെ ഭാഗമായ പാപ്പാഞ്ഞിയെ കത്തിക്കൽ മാത്രം മതിയെന്നതാണ് പൊലീസ് നിലപാട്.
വിദേശികളും സ്വദേശികളും അടക്കം ലക്ഷക്കണക്കിന് ആളുകൾ പുതുവത്സരം ആഘോഷിക്കാൻ ഫോർട്ടുകൊച്ചിയിൽ എത്തും. ഇതിനായി സുരക്ഷ ഒരുക്കാൻ ആയിരത്തോളം പൊലീസിനെ വിന്യസിക്കണം. അതിനാൽ പരേഡ് മൈതാനിയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ വെളിയിൽ സ്വകാര്യ ക്ലബുകളുടെ നേതൃത്വത്തിലുള്ള പാപ്പാഞ്ഞി കത്തിക്കലിന് സുരക്ഷ ഒരുക്കുന്നതും ഗതാഗതം ക്രമീകരിക്കുന്നതും വെല്ലുവിളിയാകുമെന്നാണ് പൊലീസ് വിലയിരുത്തൽ.
തങ്ങൾ വർഷങ്ങളായി പിന്തുടർന്നു വരുന്നതാണ് പാപ്പാഞ്ഞി നിർമ്മാണം. ഇത് ഒറ്റയടിക്ക് മാറ്റണമെന്ന് ആവശ്യം അംഗീകരിക്കാനാകില്ല.ബെൻഡിക്റ്റ് ഫെർണാണ്ടസ്
ഗാലാ ഡി ഫോർട്ട് കൊച്ചി ക്ലബ്ബ്