മരട്: മരടിലെ ഫ്ലാറ്റ് പൊളിച്ചത് സംസ്ഥാന സർക്കാരിന്റെ കഴിവ്കേട് കൊണ്ടു. മാത്രമാണെന്ന് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു. 343 കുടുംബങ്ങളെ വഴിയാധാരമാക്കിയത് സർക്കാർ നിശ്ചയിച്ച മൂന്നംഗസമിതി നൽകിയ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. ഫ്ലാറ്റ് പൊളിച്ചതിനുശേഷം മരടിലേക്ക് പുതിയ നിക്ഷേപകരാരും വരുന്നില്ലെന്നും സർക്കാരിന്റെയും മുൻ പഞ്ചായത്തിന്റെയും വീഴ്ചയായതിനാൽ സർക്കാർ തന്നെ ഈ 343 കുടുംബങ്ങൾക്കും ഫ്ലാറ്റ് നിർമ്മിച്ചുനൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.

നിലവിൽ നിയമവിരുദ്ധ നിർമ്മാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥരെ കേസിൽ ഉൾപ്പെടുത്തിയെങ്കിലും ഇതിന് നേതൃത്വം നൽകിയ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ ചോദ്യംപോലും ചെയ്യാതെ സർക്കാർ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്നത്തെ പഞ്ചായത്ത് ഭരണസമിതിയിലെ 8 അംഗങ്ങളും മുൻ പ്രസിഡന്റിനെതിരെ മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകിയെങ്കിലും തുടർനടപടികൾ പിന്നീട് ഉണ്ടായില്ലെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.