കൊച്ചി: എക്കാലത്തും പ്രസക്തമാണ് ഗുരുദേവ ദർശനങ്ങളെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗുരുദേവ സത്‌സംഗം കൊച്ചിയുടെ ശ്രീനാരായണ ധർമ്മ പഠനശിബിരം പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യാൻ സത്‌സംഗത്തിന് കഴിയട്ടെ. എന്തിനായിരുന്നു സർവമത സമ്മേളനം, എന്തിനായിരുന്നു വൈക്കം സത്യാഗ്രഹം, അവയുടെ പ്രേരക ശക്തി എന്താണ് എന്നൊന്നും ആരും പറയാറില്ല. അത്തരം കാര്യങ്ങൾ പുതു തലമുറയ്‌ക്കും ശ്രീനാരായണീയർക്കും പകർന്നു നൽകുന്നതിൽ ഗുരുദേവ സത്‌സംഗത്തിന് ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്.
ഗുരു അറിവായി ഇപ്പോഴും നിലനിൽക്കുന്നു. അദ്ദേഹത്തിന്റെ ആശയങ്ങൾ പുതുമയോടെ നിലനിൽക്കുന്നു. ഹിന്ദു സമുദായത്തിലെ വിഭാഗീയത എവിടെയെത്തിയെന്നും അത് ആ സമുദായത്തെ വളർത്തിയോ തളർത്തിയോ എന്നും എല്ലാവരും ആലോചിക്കണം. ഈ സാഹചര്യങ്ങൾ മുന്നിൽക്കണ്ട് ഗുരുദേവ ദർശനങ്ങൾ അറിയാനും പ്രചരിപ്പിക്കാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ സത്‌സംഗം പ്രസിഡന്റ് ടി.എം. വിജയകുമാർ അദ്ധ്യക്ഷനായി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, സത്‌സംഗം കോഓർഡിനേറ്റർ ഗിരിജ രവി, സെക്രട്ടറി ടി.എൻ. പ്രതാപൻ, ട്രഷറർ നീന സുരേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് എസ്. തങ്കലക്ഷ്മി, ഷൗക്കത്ത്, സംസ്കൃത സർവകലാശാല മുൻ വി.സി കെ.എസ്. രാധാകൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.