 
ആലുവ: വഴിയരികിൽ അയഞ്ഞുകിടന്ന കേബിളിൽ കുരുങ്ങി ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. പാനായിക്കുളം സ്വദേശികളായ മുഹമ്മദ് മൻസൂർ (21), മുഹമ്മദ് ഷഹൽ (20) എന്നിവർക്കാണ് പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന മുഹമ്മദ് ഷഹലിന്റെ കഴുത്തിൽ സാരമായ പരിക്കേറ്റു. ബൈക്കിന് വേഗം കുറവായതിനാൽ മാത്രമാണ് ജീവഹാനി സംഭവിക്കാതിരുന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെ കടുങ്ങല്ലൂർ പഞ്ചായത്ത് എരമം കുന്നുംപുറം ഭാഗത്താണ് സംഭവം. കടുങ്ങല്ലൂർ രുധിരമാല ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്‌ക്ക് ശേഷം മുപ്പത്തടത്തെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു ഇവർ. അപകടമുണ്ടായ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നൽകി.
സംഭവത്തിൽ കേസെടുക്കുമെന്ന് ബിനാനിപുരം പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം എടയാർ മക്കപ്പുഴ കവലക്ക് സമീപം റോഡിലെ കുഴിയിൽ വീണ് യുവാവിന് പരിക്കേറ്റിരുന്നു.
പഞ്ചായത്തിലെ പലഭാഗങ്ങളിലും സ്വകാര്യ കമ്പനികളുടെ കേബിളുകൾ അയഞ്ഞുകിടക്കുന്നത് ജനങ്ങൾക്ക് ഭീഷണിയായെന്ന് കോൺഗ്രസ് നേതാവ് വി.കെ. ഷാനവാസ് ആരോപിച്ചു. പലതവണ പരാതി പറഞ്ഞിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് മഹിളാ കോൺഗ്രസ് നേതാവ് സുമയ്യ റഷീദ്
പറഞ്ഞു.