പാമ്പാക്കുട: കമ്യൂണിറ്റി ഹെൽത്ത് സെന്ററുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ അടിയന്തരയോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കുത്തിയിരുപ്പ് സമരവും നടത്തി. സർക്കാർ നിർദ്ദേശം അനുസരിച്ച് ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ ഒന്നാക്കിമാറ്റാൻ തീരുമാനിച്ചിരുന്നു. ഇത് സ്വന്തം ഗ്രാമപഞ്ചായത്തായ രാമമംഗലത്തേയ്ക്ക് മാറ്റാനുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധം. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയോ സ്റ്റാൻഡിംഗ് കമ്മിറ്റിയോ അറിയാതെ പാമ്പാക്കുട ബ്ലോക്ക് സി.എച്ച്.സിക്ക് വേണ്ടത്ര സൗകര്യങ്ങൾ ഇല്ലെന്ന് കാട്ടി പ്രസിഡന്റ് ആരോഗ്യവകുപ്പ് മന്ത്രിക്ക് കത്തെഴുതിയതോടെയാണ് വിഷയം കൂടുതൽ വിവാദമായത്.
സമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ വിജയകുമാരി സോമൻ അദ്ധ്യക്ഷയായി. മെമ്പർമാരായ ഷീല ബാബു,കുഞ്ഞുമോൻ ഫിലിപ്പ്, ലളിത വിജയൻ തുടങ്ങിയവർ സംസാരിച്ചു.