ആലങ്ങാട്: രണ്ടാമത് പഴന്തോട്‌ ഫെസ്റ്റിന് ഇന്ന് തുടക്കമാകും. കൊടുവഴങ്ങയുടെ ജലാശയമായ പഴന്തോട്‌ ഒരു നക്ഷത്ര തടാകമായി മാറും. തടാകത്തിന്‌ മനോഹാരിത പകർന്ന്‌ 300 നക്ഷത്രങ്ങൾ പഴന്തോടിന്‌ ചുറ്റുമായി മിഴി തുറക്കും. വിവിധ കലാ–-സാംസ്‌ക്കാരിക പരിപാടി കൾ - ഫുഡ് ഫെസ്റ്റ് എന്നിവ അരങ്ങേറും. വിവിധങ്ങളായ 50 സ്റ്റാളുകൾ പ്രവർത്തിക്കും. 29നാണ് സമാപനം. കൊടുവഴങ്ങ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്.എൻ.എ.എസ്.സി ക്ലബ്, മില്ലേനിയം ക്ലബ്, കരീബിയൻസ്‌ ക്ലബ് കൊട്ടപ്പിള്ളിക്കുന്ന്‌, സാംസ്‌കാരിക സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെയാണ്‌ ഫെസ്‌റ്റ്‌ സംഘടിപ്പിക്കുന്നത്‌.

ഇന്ന് രാവിലെ 9ന് ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് പതാക ഉയർത്തും. വൈകീട്ട് ആറിന് മാരായിൽ ക്ഷേത്രാങ്കണത്തിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര വാർഡംഗം മിനി ബാബു ഫ്ലാഗ് ഓഫ് ചെയ്യും. രാത്രി ഏഴിന്‌ നക്ഷത്രത്തടാകം സ്വിച്ച്‌ ഓൺ ചെയ്‌ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും. രാത്രി എട്ടിന്‌ കലാസന്ധ്യ ‘താരകം’ അരങ്ങേറും. നാളെ രാത്രി ഏഴിന്‌ ‘തരംഗം’ മെഗാഷോ. വ്യാഴം രാത്രി ഏഴിന്‌ കൊച്ചിൻ മൻസൂറിന്റെ വയലാർ ഗാനസന്ധ്യ. വെള്ളി വൈകിട്ട്‌ 6.30ന്‌ ഗ്രാമ കലാസന്ധ്യ. രാത്രി 8.30ന്‌ മ്യൂസിക്ക്‌ ബാൻഡ്‌. ശനി രാത്രി ഏഴിന്‌ കൊടുവഴങ്ങ ലയം മ്യൂസിക്ക്‌ അക്കാഡമിയുടെ ‘ലയസന്ധ്യ’. ഞായറാഴ്‌ച വൈകിട്ട്‌ സമാപനസമ്മേളനം. തുടർന്ന്‌ രാത്രി ഏഴിന്‌ നക്ഷത്രരാവ്‌, മെഗാഷോ, നറുക്കെടുപ്പ്‌, സമ്മാനദാനം എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.