പെരുമ്പാവൂർ: പെരിയാർവാലി ഇറിഗേഷൻ പ്രോജക്ടിൽ നിന്ന് ഈയാഴ്ച വെള്ളം തുറന്നു വിടുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ചെക്ക് ഡാമിൽ സൈഡ് ഇടിഞ്ഞത് കൊണ്ടുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ജില്ലാ കളക്ടറേറ്റിൽ നിന്ന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാവുകയും പണം അനുവദിക്കുകയും ചെയ്തിരുന്നു. ജില്ലയുടെ വടക്ക് ഭാഗങ്ങളിലേക്ക് വെള്ളം തുറന്നു വിടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വെങ്ങോല പോലെയുള്ള കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കിണറുകൾ വറ്റി തുടങ്ങി. സാധാരണഗതിയിൽ നവംബർ മാസങ്ങളിൽ കനാൽ വെള്ളം തുറന്നു വിടാറുണ്ട്. ചെക്ക് ഡാമിന്റെ പാർശ്വഭിത്തികൾ തകർന്നതാണ് ഇപ്പോൾ ഉണ്ടായ പ്രതിസന്ധിക്ക് കാരണം. കനാലുകളിലെ അറ്റകുറ്റപ്പണികൾ തീർത്തു വരികയാണെന്ന് പെരിയാർവാലി എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.