കൊച്ചി: ജലാശയങ്ങളിലും വിവിധ മേഖലകളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതിൽ കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ നിശിത വിമർശനം. തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോടിനു സമാനമായ സാഹചര്യമാണ് നഗരത്തിലെ പല മേഖലകളിലുമുള്ളത്. മാലിന്യക്കൂനകളെക്കുറിച്ചോ ഇവയൊക്കെ എവിടേക്ക് പോകുന്നു എന്നതിനെക്കുറിച്ചോ കോർപ്പറേഷന്റെ എൻജിനിയറിംഗ് വിഭാഗത്തിന് എന്തെങ്കിലും ധാരണയുണ്ടോയെന്നും ജസ്റ്റിസ് ബെച്ചുകുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് വാക്കാൽ ചോദിച്ചു. എന്താവും ഇതിന്റെ അവസാനമെന്ന് ധാരണയുണ്ടോ!.

പൊന്നുരുന്നി അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അങ്കണവാടിക്കു സമീപം മാലിന്യം കുന്നുക്കൂടിക്കിടക്കുന്നത് ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്. ഇതുവരെ സ്വീകരിച്ച നടപടികളടക്കമുള്ള കാര്യങ്ങളുടെ സമഗ്രറിപ്പോർട്ട് ജനുവരി പത്തിന് സമർപ്പിക്കാൻ കോർപ്പറേഷൻ അധികൃതർക്ക് കോടതി നിർദ്ദേശം നൽകി. നഗരത്തിലെ സാഹചര്യങ്ങൾ,​ സ്വീകരിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് വിശദറിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തി.

ഡിസംബർ 19ന് വൈകിട്ടാണ് പൊന്നുരുന്നി അങ്കണവാടിയിലെ 12 കുട്ടികൾക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. കുട്ടികൾക്ക് ആശുപത്രിയിൽ ചികിത്സതേടേണ്ടി വന്നെങ്കിലും 2 ദിവസത്തിന് ശേഷമാണ് സംഭവം പുറത്തറിഞ്ഞത്.

പ്രധാന ചോദ്യം, നിരീക്ഷണം
* ആശുപത്രി മാലിന്യങ്ങളടക്കം എങ്ങനെ കൈകാര്യം ചെയ്യുന്നു. ഏജൻസികൾ ഇവ ശേഖരിക്കുന്നതും കൊണ്ടുപോകുന്നതും സംസ്‌കരിക്കുന്നതും സംബന്ധിച്ച് എന്തെങ്കിലും മാർഗരേഖകൾ ഉണ്ടോ?. ഇക്കാര്യങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനമുണ്ടോ?
* കൊച്ചുകുട്ടികളുള്ള അങ്കണവാടികൾക്കു സമീപം പോലും മാലിന്യം കെട്ടിക്കിടക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാവും.
* മെഡിക്കൽ മാലിന്യങ്ങൾ അയൽ സംസ്ഥാനങ്ങളിൽ നിക്ഷേപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അപകടകരമായ പ്രവണത.