
കൊച്ചി: ഒരു വിമാനത്തിലേതു പോലുള്ള യാത്രാനുഭവമാണ് കൊച്ചി വാട്ടർ മെട്രോയിലേതെന്ന് കേന്ദ്ര ഊർജ, ഭവന, നഗരവികസന വകുപ്പ് മന്ത്രി മനോഹർ ലാൽ ഖട്ടർ. 35 ലക്ഷം പേർ ഇതേവരെ വാട്ടർ മെട്രോയിൽ യാത്ര ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം നഗര ഗതാഗതത്തിൽ മെട്രോയ്ക്ക് വളരെ വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും വാട്ടർ മെട്രോ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള സാദ്ധ്യത പരിശോധിക്കുമെന്നും വ്യക്തമാക്കി. വാട്ടർ മെട്രോയിൽ യാത്ര നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൈവറ്റ് സെക്രട്ടറി വിജയ് ദത്ത, ഊർജവകുപ്പ് ജോയിന്റ് സെക്രട്ടറി ശശാങ്കർ മിശ്ര, നഗര വികസന വകുപ്പ് ജോ. സെക്രട്ടറി രവി അറോറ, ഉന്നത ഉദ്യോഗസ്ഥരായ ദീപക് ശർമ, രാം ലാൽ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ വാട്ടർ മെട്രോയുടെ സവിശേഷതകൾ കേന്ദ്ര മന്ത്രിക്ക് വിശദീകരിച്ചു. കൊച്ചി മെട്രോ ഡയറക്ടർ സിസ്റ്റംസ് സഞ്ജയ് കുമാർ, വാട്ടർ മെട്രോ ചീഫ് ജനറൽ മാനേജർ ഷാജി ജനാർദനൻ, ജനറൽ മാനേജർ സാജൻ.പി. ജോൺ തുടങ്ങിയവരും വാട്ടർ മെട്രോയുടെ ഇതേവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു.