കൊച്ചി: ആളും ആരവവുമായി ക്രിസ്മസ് ലഹരിയിൽ നാടും നഗരവും. ആഘോഷങ്ങളുടെ വർണക്കാഴ്ചയുടെ തിരക്കിലാണ് എല്ലാവരും. ക്രിസ്‌മസ് പാപ്പമാരും നക്ഷത്രങ്ങളും അലങ്കാര വിളക്കുകളുമാണ് എവിടെയും ദൃശ്യമാകുന്നത്. ആയിരക്കണക്കിന് സാന്താക്ലോസുമാരും കുഞ്ഞു മാലാഖാമാരും ഒത്തുചേർന്ന് കൊച്ചി നഗരത്തിൽ ക്രിസ്മസിന്റെ വിസ്മയരാവ് ഒരുക്കി. 12ന് കൊച്ചിയിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് തുടങ്ങിയ ആഘോഷങ്ങൾ 31ന് അവസാനിക്കും. രാത്രി പപ്പാഞ്ഞിയെ കത്തിക്കുന്നതോടെ കൊച്ചി നഗരം പുതുവർഷത്തെ വരവേൽക്കും.
എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ കെ.എൽ.സി.എ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ പപ്പാഞ്ഞി റാലിയും സംഗമവും സംഘടിപ്പിച്ചു. വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പപ്പാഞ്ഞിറാലി ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌നേഹസംഗമം മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു
യേശുദേവന്റെ തിരുപ്പിറവിയെ വരവേൽക്കാനായി നഗരത്തിലെയും പരിസരത്തെയും ക്രൈസ്തവ ദേവാലയങ്ങൾ വലിയ ഒരുക്കങ്ങൾ നടത്തിയിരുന്നു. ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിലെ ക്രിസ്മസ് ട്രീ മത്സരം ശ്രദ്ധയാകർഷിച്ചു.
*വെറൈറ്റി വിഭവങ്ങൾ റെഡി
വെറൈറ്റി ഭക്ഷണങ്ങളുമായി ക്രിസ്മസ് ദിനത്തിൽ കാത്തിരിക്കുകയാണ് കൊച്ചിയിലെ ഹോട്ടലുകളും കാറ്ററിംഗ് കേന്ദ്രങ്ങളും. ഇന്നും ക്രിസ്മസ് സ്‌പെഷ്യൽ ഓർഡറുകൾ സ്വീകരിക്കുന്ന ഹോട്ടലുകളുണ്ട്. ഒരാൾക്ക് 100 മുതൽ 1000 രൂപ വരെ വിലവരുന്ന വിഭവങ്ങൾ ലഭിക്കും. ഗ്രിൽഡ് ഐറ്റങ്ങൾ, ഫിഷ് വെറൈറ്റികൾ, ബിരിയാണി, പാൽക്കപ്പ, ബീഫ് റിബ്, മട്ടൻ മന്തി, മലബാറി ബിരിയാണി, താറാവ് റോസ്റ്റ്, ചിക്കൻ ഷവായ്, പാലപ്പവും മട്ടൻ സ്റ്റൂവും ചിക്കന്റെ വിവിധ വെറൈറ്റികളും ലഭ്യമാണ്.
വസുധൈവ കുടുംബകമെന്ന ആർഷഭാരത സംസ്‌കാരത്തിലടിയുറച്ച് ദു:ഖിക്കുന്നവരെ ആശ്വസിപ്പിക്കാനും ആവശ്യക്കാരിലേക്ക് സ്‌നേഹത്തെ വ്യാപിപ്പിക്കാനും പരിശ്രമിക്കണം. വിദ്വേഷവും കലഹവുമുള്ളിടത്ത് സ്‌നേഹത്തിന്റെ സന്ദേശമെത്തിക്കണം. അനുരഞ്ജനമാണ് ക്രിസ്‌മസിന്റെ സന്ദേശം. സമാധാനമാണ് അനുരഞ്ജനത്തിലേക്ക് നയിക്കുന്നത്.
കർദ്ദിനാൾ ജോർജ് ആലഞ്ചേരി
മുൻ മേജർ ആർച്ച് ബിഷപ്പ്
സിറോമലബാർസഭാ
അശരണർക്ക് ഇടം കാണിച്ച് കൊടുക്കാൻ കഴിയുമ്പോൾ മാത്രമേ ക്രിസ്‌മസിന്റെ സന്തോഷവും സമാധാനുവും കൈവരികയുള്ളു. ആരേയും മാറ്റിനിറുത്താതെ കരംകൊടുത്തും ചേർത്തുപിടിച്ചും ലോകത്തെ ഒരു കുടുംബമാക്കുന്ന തിരുനാളാകണം ക്രിസ്മസ്.
റാഫേൽ തട്ടിൽ
മേജർ ആർച്ച് ബിഷപ്പ്
സിറോമലബാർസഭാ
യുദ്ധവും മനുഷ്യക്കുരുതികളും സ്വൈരജീവിതത്തിനും ജീവനവും വിലകല്പിക്കാതെ മുന്നേറുന്ന സാഹചര്യത്തിൽ ബേത്‌ലഹേമിൽ മുഴങ്ങിയ അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം എന്ന ഗാനത്തിന് പ്രസക്തിയേറുകയാണ്. സമാധാനപൂർണമായ ജീവിതം നയിക്കാൻ ക്രിസ്‌മസ് വെളിച്ചമാകട്ടെ.
ജോസഫ് ഗ്രിഗോറിയോസ്
മലങ്കര മെത്രാപ്പൊലീത്ത, നിയുക്ത കാതോലിക്ക
യാക്കോബായ സുറിയാനിസഭ