padam

കൊച്ചി: വ്യാജ വെർച്വൽ അറസ്റ്റിലൂടെ കോടികൾ തട്ടുന്ന ചൈനീസ് സംഘങ്ങളുടെ ഇന്ത്യയിലെ മുഖ്യഏജന്റുമാരിൽ ഒരാളെ കൊച്ചി സൈബർ പൊലീസ് പശ്ചിമബംഗാളിൽ നിന്ന് പിടികൂടി. പശ്ചിമബംഗാൾ കൃഷ്ണഗഞ്ച് സ്വദേശിയും ബി.ജെ.പി പ്രാദേശിക നേതാവുമായ ലിങ്കൺ ബിശ്വാസാണ് (27) അറസ്റ്റിലായത്. വാഴക്കാല സ്വദേശി ബെറ്റി ജോസഫിന്റെ നാലു കോടി തട്ടിയ കേസിലാണിത്. ഇതിൽ കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസിൽ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കൊച്ചി പൊലീസ് സംഘം ബംഗാളിലെത്തി സാഹസികമായാണ് ലിങ്കണെ പിടികൂടിയത്. കൃഷ്ണഗഞ്ചിൽ പ്രാദേശിക പിന്തുണയുണ്ടായിരുന്ന ഇയാളെ പിടികൂടാൻ അവിടത്തെ പൊലീസിന്റെ സഹായവും തേടിയിരുന്നു. ഇന്നലെ രാത്രി കൊച്ചിയിൽ എത്തിച്ചു.

ഡൽഹി പൊലീസ് ചമഞ്ഞ തട്ടിപ്പ് സംഘം വീഡിയോ കോളിലൂടെയാണ് ബെറ്റിയെ ബന്ധപ്പെട്ടത്. സ്വകാര്യ ബാങ്കിന്റെ ഡൽഹി ബ്രാഞ്ചിൽ ബെറ്റിയുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്നും അതുപയോഗിച്ച് സന്ദീപ് കുമാർ എന്നയാൾ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും വിശ്വസിപ്പിച്ചു. തുടർന്ന് വെർച്വൽ അറസ്റ്റിലാണെന്നും പറഞ്ഞു. ബെറ്റിയുടെ അക്കൗണ്ടുകളിലുള്ള പണം നിയമപരമാണെന്ന് ഉറപ്പാക്കാൻ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്രാൻനിർദ്ദേശിച്ചു.

തട്ടിപ്പുകാർ നൽകിയ അക്കൗണ്ടിലേക്ക് ഒക്ടോബർ 16നും 24നും ഇടയിൽ ബെറ്റി മൂന്ന് അക്കൗണ്ടുകളിലുണ്ടായിരുന്ന 4.1 കോടി കൈമാറി. കേസ് തീരുമ്പോൾ പണം തിരികെ നൽകുമെന്ന് പറഞ്ഞിരുന്നു. തിരികെ കിട്ടാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലായത്. തുടർന്നാണ് സൈബർ പൊലീസിൽ പരാതി നൽകിയത്.

അക്കൗണ്ടുകൾ

പരിശോധിച്ച് അറസ്റ്റ്

തട്ടിയെടുത്ത പണം 450ലേറെ അക്കൗണ്ടുകളിലൂടെ കൈമാറിയിരുന്നു. ഇവയെല്ലാം വിശദമായി പരിശോധിച്ചാണ് പൊലീസ് ലിങ്കൺ ബിശ്വാസിലേക്ക് എത്തിയത്. കമ്പിളിപ്പുതപ്പ് വ്യാപാരി കൂടിയാണ് ഇയാൾ. തട്ടിച്ചെടുത്ത പണംകൊണ്ട് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു. സൈബർ പൊലീസ് എസ്.എച്ച്.ഒ പി.ആർ.സന്തോഷ്, എ.എസ്.ഐ ശ്യാംകുമാർ, എസ്.സി.പി.ഒമാരായ അരുൺ, അജിത്ത്, നിഖിൽ, ആൽഫിറ്റ് ആൻഡ്രൂസ്, സി.പി.ഒ ഷറഫുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.