
അങ്കമാലി: ഏറെ കാലത്തെ കാത്തിരിപ്പിനും ഹൈന്ദവ സംഘടനകളുടെ പ്രക്ഷോഭങ്ങൾക്കുമൊടുവിൽ മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൽ പൊതുശ്മശാനം നിർമ്മിക്കാൻ പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠേന തീരുമാനമെടുത്തതിന് പിന്നാലെ പ്രദേശത്തെ വ്യാപാരി സമൂഹം രണ്ടുതട്ടിൽ. ചാറ്റുപാടത്ത് വിവിധങ്ങളായ വികസന പദ്ധതികൾ വരുന്നുണ്ടെന്നും ശ്മശാനം വന്നാൽ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. എന്നാൽ, അത്യാധുനിക രീതിയിലുള്ള ശ്മശാനം നിർമ്മിച്ചാൽ മർച്ചന്റ് അസോസിയേഷന്റെ വാദത്തിന് പ്രസക്തിയില്ലെന്ന് ഹൈന്ദവ സംഘടനാ പ്രതിനിധികളും വ്യാപാരി വ്യവസായി സമിതിയും ചൂണ്ടിക്കാട്ടുന്നു. ഗ്രാമപഞ്ചായത്ത് കണ്ടെത്തിയ ചാറ്റുപാടത്തെ സ്ഥലത്ത് തന്നെ ആധുനിക രീതിയിലുള്ള പൊതുശ്മശാനം അടിയന്തരമായി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം സമർപ്പിച്ചു.
വ്യാപാരി വ്യവസായി സമിതി വൈസ് പ്രസിഡന്റ് എം.പി തരിയൻ, കെ.പി.എം.എസ് മഞ്ഞപ്ര ശാഖയ്ക്ക് വേണ്ടി ജില്ലാ കമ്മിറ്റി മെമ്പർ വി.വി. കുമാരൻ എസ്.എൻ.ഡി.പി യോഗം നോർത്ത് ശാഖ പ്രസിഡന്റ് ഇ.കെ. സുബ്രഹ്മണ്യൻ, സൗത്ത് ശാഖക്ക് വേണ്ടി പ്രകാശൻ പിള്ള, സാംബവ സഭ പ്രസിഡന്റ് ടി.കെ. ജയൻ, പാണർ മഹാസഭ ജില്ലാ പ്രസിഡന്റ് സി. വി അശോക് കുമാർ, കെ.പി.എം.എസ്. കരിങ്ങാലിക്കാട് ശാഖ സെക്രട്ടറി ലീല ചന്ദ്രൻ , കേരളവിശ്വകർമ്മ സഭ പ്രസിഡന്റ് കെ.വി. മനോഹരൻ, വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി സെക്രട്ടറി വി.ജി. സുധിർ, എൻ.എസ്.എസ് കരയോഗം സെക്രട്ടറി സി.എ. അശോക് കുമാർ, അഖില കേരള വീരശൈവ സഭ സെക്രട്ടറി വി.എ. ഗോപി എന്നിവരാണ് നിവേദനം സമർപ്പിച്ചത്.
സാധാരണക്കാരുടെ ആവശ്യം
ശ്മശാന നിർമ്മാണത്തിന് ആർ.ഡി.ഒ.യുടെയും കളക്ടറുടെയും ഡി.എം.ഒയുടെയും അനുമതിക്കായി കാത്തു നിൽക്കുകയാണ് പഞ്ചായത്ത്. സാധാരണക്കാർ തിങ്ങിപാർക്കുന്ന പഞ്ചായത്താണ് മഞ്ഞപ്ര. നിരവധി പട്ടികജാതി പട്ടികവർഗ്ഗ കോളനികളുള്ള പഞ്ചായത്തിൽ പൊതുശ്മശാനം അത്യാവശ്യമായിരുന്നു. മഞ്ഞപ്ര പഞ്ചായത്തിലെ സാധാരണക്കാർ ശവസംസ്കാരങ്ങൾക്കായി കാലടി പൊതു ശ്മശാനത്തെയും മുണ്ടണ്ടാമറ്റം എസ്.എൻ.ഡി.പി ശ്മശാനങ്ങളെയുമാണ് കുറേക്കാലങ്ങളായി ആശ്രയിക്കുന്നത്.
ചാറ്റുപാടത്തെ രണ്ടേക്കർ ഭൂമിയിൽ നിന്ന് 20 സെന്റിൽ
അത്യാധുനിക സംവിധാനങ്ങളോടെയുള്ള ശ്മശാനം
നിർമ്മാണത്തിന് ആവശ്യമായ 3 കോടി രൂപ കിഫ്ബിയിൽ നിന്ന്
ആധുനിക രീതിയിൽ ഗ്യസ് ഉപയോഗിച്ച് സംസ്കാരം നടത്തതക്ക വിധമുള്ള ശ്മശാനം യാഥാർത്ഥ്യമാക്കണം. ഇത് കൊണ്ട് ആർക്കം ഒരു ബുദ്ധിമുട്ടും നേരിടില്ല.
പി. എ .സത്യൻ,
പ്രസിഡന്റ്,
മഞ്ഞപ്ര സൗത്ത് ശാഖ
എസ്.എൻ.ഡി.പി. യോഗം
സാധാരണക്കാരുടെ ഏറ്റവും ആവശ്യമായ ശ്മശാനത്തിനെതിരെ പ്രതിഷേധം അനാവശ്യമാണ്. ആധുനിക രീതിയിലുള്ള ശ്മശാനം നിർദ്ദിഷ്ട സ്ഥലത്ത് എത്രയും വേഗം പൂർത്തീകരിക്കാൻ അധികാരികൾ നടപടിയെടുക്കണം.
വി.വി.കുമാരൻ
കെ.പി.എം.എസ് സെക്രട്ടറി
അങ്കമാലി യൂണിയൻ