കൊച്ചി: വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ വാടകയ്ക്കുമേൽ 18 ശതമാനം ജി.എസ്.ടി ചുമത്താനുള്ള ജി.എസ്.ടി കൗൺസിലിന്റെ തീരുമാനത്തിനെതിരെ കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്‌സ് പ്രതിഷേധിച്ചു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് നിവേദനം നൽകി.
വൈദ്യുതി വാഹനങ്ങൾ അടക്കമുള്ള ഉപയോഗിച്ച വാഹനങ്ങളുടെ വില്പന നികുതി വർദ്ധിപ്പിക്കാൻ തീരുമാനിച്ചത് നിരാശാജനകമാണ്. കോമ്പോസിഷൻ സ്‌കീമിന് കീഴിൽ രജിസ്റ്റർ ചെയ്ത വ്യാപാരികളെ വാടകയുടെ റിവേഴ്‌സ് ചാർജ് ടാക്‌സ് ബാദ്ധ്യതയിൽ നിന്ന് ഒഴിവാക്കാനുള്ള ജി.എസ്.ടി കൗൺസിലിന്റെ തീരുമാനത്തെ ചേംബർ പ്രസിഡന്റ് പി. നിസാറും ജനറൽ സെക്രട്ടറി വി.ഇ. അൻവറും അഭിനന്ദിച്ചു.