നെടുമ്പാശേരി: ഗതാഗതമന്ത്രി കെ.ബി. ഗണേശ് കുമാർ നേരിട്ടെത്തി നടപ്പിലാക്കിയ ഗതാഗത പരിഷ്കാരങ്ങൾ ദേശീയപാതയിൽ അത്താണി കവലയെ കൂടുതൽ കുരുക്കിലാക്കി. പ്രശ്നപരിഹാരത്തിനായി നാട്ടുകാരും വ്യാപാരികളുമെല്ലാം പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. നെടുമ്പാശേരി വിമാനത്താവളത്തിന്റെ മുഖ്യകവാടമായ അത്താണിയിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രതിഷേധത്തെ തുടർന്ന് ചില മാറ്റങ്ങൾ വരുത്തിയെങ്കിലും പൂർണപരിഹാരമായില്ല. ചെങ്ങമനാട് ഭാഗത്തേക്ക് തിരിയാൻ സിഗ്‌നലിൽ നിർത്തുന്നിടത്ത് സ്ഥാപിച്ചിരുന്ന വീപ്പകൾ മാത്രമാണ് നീക്കിയത്. ദേശീയപാതയിലൂടെ ആലുവയിലേക്ക് പോകുന്ന വാഹനങ്ങൾ അത്താണിയിൽ സിഗ്‌നൽ ഇല്ലാതെ കടന്നുപോകുന്നതിനാൽ ചെങ്ങമനാട് നിന്നുള്ള വാഹനങ്ങൾ സിഗ്‌നൽ തെളിഞ്ഞ് ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോൾ അപകടങ്ങൾ പതിവായി. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനും പറ്റുന്നില്ല. ദേശീയപാതയിൽ ആലുവയിലേക്ക് പോകുന്ന ദിശയിൽ ടൗൺ പരിസരങ്ങളിലൊന്നും യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ കഴിയുന്നില്ല.
ചെങ്ങമനാട് നിന്നുള്ള വാഹനങ്ങൾക്ക് പച്ച സിഗ്‌നൽ തെളിഞ്ഞാൽ സുരക്ഷിതമായി കടന്നു പോകുന്നതിന് 20 സെക്കൻഡ് സമയം കൊടുക്കണമെന്നാണ് ആവശ്യം. ഈസമയം അങ്കമാലിയിൽ നിന്നുള്ള വാഹനങ്ങൾക്ക് ചുവപ്പ് സിഗ്‌നൽ നൽകണം. ഈ സമയം കാൽനട യാത്രക്കാർക്കും റോഡ് മുറിച്ചു കടക്കാം.
മന്ത്രി കെ.ബി. ഗണേശ് കുമാർ നേരിട്ടെത്തി വിമാനത്താവള ജംഗ്ഷനിലും അത്താണിയിലും ഗതാഗത പരിഷ്‌കാരം ഏർപ്പെടുത്തിയത് കഴിഞ്ഞ മെയ് മാസത്തിൽ
പരിഷ്‌കാരത്തിന് മുമ്പ് ഉണ്ടായിരുന്ന സിഗ്‌നലിലെ സമയക്രമം മികച്ചതായിരുന്നു. അടിയന്തരമായി സിഗ്‌നൽ ലൈറ്റുകളുടെ പ്രവർത്തനസമയം പുനഃപരിശോധിച്ച് അപകടസാദ്ധ്യതയും ഗതാഗതക്കുരുക്കും ഒഴിവാക്കണം.
ബി.ഒ. ഡേവിസ്,
ടി. എസ്. സിജുകുമാർ
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ്
അസോസിയേഷൻ
പരിഷ്കാരം സൃഷ്ടിച്ച കുരുക്കിന് പുറമെയാണ് അത്താണി ടൗൺ പരിസരങ്ങളിലെ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് കാംകോ കമ്പനിക്ക് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു ഇവിടെ കാൽനടയാത്രക്കാർക്ക് പോലും സൗകര്യമില്ല
നെടുമ്പാശേരി ഗ്രാമപഞ്ചായത്തിൽ വിളിച്ച യോഗം അത്താണിയിലെ അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കാരം പുന:പരിശോധിക്കുമെന്ന് തീരുമാനിച്ചെങ്കിലും നടപ്പാക്കിയില്ല. റോഡിൽ നിരത്തി വച്ചിരുന്ന വീപ്പകൾ മാറ്റുക മാത്രമാണുണ്ടായത്. പരിഷ്‌കാരം മൂലം ആളുകൾക്ക് റോഡ് മുറിച്ചുകടക്കാൻ പറ്റുന്നില്ല. പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും
എ.വി. രാജഗോപാൽ,
ജോബി അഗസ്റ്റിൻ
അത്താണി മർച്ചന്റ്‌സ്
അസോസിയേഷൻ