highcourt

കൊച്ചി: ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിലെ 'പാപ്പാഞ്ഞി"യെ നീക്കണമെന്ന പൊലീസ് നോട്ടീസിനെതിരെ സംഘാടകർ നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. ഫയർ ആൻഡ് സേഫ്റ്റി, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് എന്നിവയുടെ അനുമതിയുണ്ടെങ്കിൽ പാപ്പാഞ്ഞിക്ക് എന്തിനാണ് വിലക്കെന്ന് ജസ്റ്റിസ് എസ്. ഈശ്വരൻ ആരാഞ്ഞു. 50 അടി ഉയരമുള്ള പാപ്പാഞ്ഞി പൊളിച്ചുനീക്കണമെന്ന് നിർദ്ദേശിച്ചത് പൊലീസ് ആക്ടിലെ ഏത് വകുപ്പുകൾ പ്രകാരമാണെന്ന് അറിയിക്കണം. അനുമതി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഹർജിക്കാർക്കും നിർദ്ദേശം നൽകി. വിഷയം വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
ഗാല ഡി ഫോർട്ടുകൊച്ചി ക്ലബാണ് ഹർജി നൽകിയത്. കാർണിവൽ കമ്മിറ്റി പരേഡ് ഗ്രൗണ്ടിൽ ഒരുക്കിയ പാപ്പാഞ്ഞിക്ക് പുറമെയാണ് വെളിയിൽ ഹർജിക്കാർ പാപ്പാഞ്ഞിക്കോലം ഒരുക്കിയത്. പരേഡ് ഗ്രൗണ്ടും വെളി ഗ്രൗണ്ടും തമ്മിൽ രണ്ടു കിലോമീറ്ററോളം അകലമുണ്ടെന്നിരിക്കെ സുരക്ഷാ പ്രശ്‌നങ്ങളുണ്ടോ എന്നും കോടതി ചോദിച്ചു.
മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ ആണ് രണ്ടാമത്തെ പാപ്പാഞ്ഞി സ്ഥാപിക്കുന്നതിനെതിരെ നോട്ടീസ് നൽകിയത്. കാർണിവലിന്റെ സുരക്ഷയ്ക്ക് ആയിരക്കണക്കിന് പൊലീസുകാരെ വേണമെന്നും, വെളി ഗ്രൗണ്ടിലും സുരക്ഷ ഒരുക്കാനാവില്ലെന്നുമാണ് പൊലീസിന്റെ വാദം. പ്രദേശത്തിന്റെ സാംസ്‌കാരിക തനിമയുടെ ഭാഗമാണ് വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെന്ന് ഹർജിക്കാർ പറയുന്നു.