accident

മൂവാറ്റുപുഴ: മൂവാറ്റുപുഴ - ആരക്കുഴ റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തിൽ തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശികളായ അഞ്ച് പേർക്ക് പരിക്കേറ്റു. ആരക്കുഴ ഭാഗത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ കാർ ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെ തോട്ടുങ്കൽപ്പീടികയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ വൈദ്യുത പോസ്റ്റിലും സമീപത്തെ വീടിന്റെ മതിലിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ മുകുന്ദൻ (49), രവീന്ദ്രൻ (46), സുനിൽകുമാർ (45), അനിൽ (47), അരുൺ (48) എന്നിവർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മൂവാറ്റുപുഴ- ആരക്കുഴ റോഡിൽ ഗതാഗതവും വൈദ്യുത വിതരണവും തടസ്സപ്പെട്ടു. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ വീടിന്റെ മതിലിന് സാരമായ കേടുപാടുകൾ സംഭവിച്ചു. വാഹനം ഭാഗികമായി തകർന്നു.