reeth

പെരുമ്പാവൂർ: ശബരീ പാതയിൽ സിംഗിൾ ലൈനിന്നു പകരം ഡബിൾ ലൈൻ ആക്കണമെന്ന കേന്ദ്രനിർദേശവും തൃകക്ഷി കരാർ അംഗീകരിക്കാൻ കഴിയില്ലെന്ന സംസ്ഥാനനിലപാടും പദ്ധതിയെ പൂർണമായി അവതാളത്തിലാക്കിയെന്ന ആരോപണവുമായി ഭൂ ഉടമകളുടെ സമരസമിതി. ഈ സാഹചര്യത്തിൽ 2019 ൽ കേന്ദ്രം മരവിപ്പിച്ച പദ്ധതി ഉപേക്ഷിച്ചതായി വിജ്ഞാപനം പുറപ്പെടുവിച്ച് ഭൂമി ഉടമകൾക്ക് വിട്ടു തരണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. സംയുക്തസമരസമിതി കൺവീനർ ഗോപാലൻ വെണ്ടുവഴി, ഒക്കൽ വിശ്വനാഥൻ നായർ , മുഹമ്മദ് കുഞ്ഞ് കുറുപ്പാലി , വല്ലം സലീം, സുൾഫി കാഞ്ഞിരക്കാട്ട്,സലീംനെടുങ്ങാട്ടു കൂടി, രാജപ്പൻ തുരുത്തി, പരീത് എന്നിവർ പങ്കെടുത്തു.

1997-98 ൽ ശബരി പാതയ്ക്ക് നിർമാണ അനുമതി ലഭിച്ചത് മുതൽ വിവിധ വിഷയങ്ങൾ പറഞ്ഞ് കേന്ദ്രവും സംസ്ഥാനവും തർക്കിച്ച്‌ പദ്ധതി സാദ്ധ്യമാകുന്നത് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. അങ്കമാലി മുതൽ എരുമേലി വരെ 110 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി റെയിൽവേ ലൈൻ 1997-98 ലെ റെയിൽവേ ബഡ്ജറ്റ് നിർദ്ദേശപ്രകാരം അങ്കമാലിക്കും ഒക്കലിനും ഇടക്കുള്ള 8 കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂർത്തിയായിരുന്നതാണ്.

ദുരിതാവസ്ഥയിൽ സ്ഥലമുടമകൾ

ശബരി പാത രണ്ടു ഘട്ടമായി നടപ്പാക്കാൻ ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെന്നതാണ് സർക്കാരിന് ഇങ്ങനെ ഒരുതീരുമാനം എടുക്കേണ്ടി വന്നതിന്റെ പിന്നിൽ. ഇനി ഏതു സർക്കാർ ഭരണത്തി ൽ വന്നാലും ശബരിപാതക്കു ജീവൻ വക്കില്ലെന്ന് തെളിഞ്ഞെന്ന് ഭൂവുടമകൾ പറയുന്നു. സ്ഥലം ഏറ്റെടുത്തതോടെ പലരും ജനിച്ചു വളർന്ന തങ്ങളുടെ വീടും സ്ഥലവും മറ്റും ഉപേക്ഷിച്ച് മാറി താമസമാക്കിയിരുന്നു. ഏറ്റെടുത്ത സ്ഥലത്തിന്റെ വില ചിലർക്ക് മാത്രമേ കിട്ടിയുള്ളൂ. വേറെ സ്ഥലം വാങ്ങാൻ പോലും സാധിക്കാതെ വന്നതോടെ കുടുംബ സമേതം ഭാര്യ വീടുകളിലും ബന്ധുവീടുകളിലും മറ്റും പോയി താമസമാക്കേണ്ടി വന്നവരുണ്ട്. സ്ഥലം അക്വയർ ചെയ്തതിനാൽ മറ്റാർക്കും വിൽക്കാനോ ബാങ്കിൽ പണയപ്പെടുത്താനോ കഴിയില്ല. ചികിത്സയ്ക്കോ മക്കളുടെ കല്യാണാവശ്യങ്ങൾക്കോ ബാങ്കിൽ പണയപ്പെടുത്താനോ വിൽക്കാനോ കഴിയാത്ത അവസ്ഥയിൽ പലരുടേയും ജീവിതം താറുമാറായി. വീടും സ്ഥലവും മറ്റും കാടുകയറി നശിച്ചുപോയി കഴിഞ്ഞു ഇപ്പോൾ.