
ആലുവ: എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന് തിരിച്ചറിയാതെ എന്റെ മതം മാത്രമാണ് ശരിയെന്ന് പറയുന്നിടത്താണ് അപകടം ജനിക്കുന്നതെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ പറഞ്ഞു. സർവമത സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് പൊലീസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'പൊലീസ് - മതേതരത്വ കാഴ്ചപ്പാടും സാമൂഹ്യപ്രതിബദ്ധതയും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിശ്വാസങ്ങളെയും സ്വീകരിക്കുകയും അവയ്ക്ക് വളരാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാനുമാണ് നമ്മുടെ പാരമ്പര്യം ശ്രദ്ധിച്ചത്. ശ്രീനാരായണീയ ദർശനം ഏറ്റവും കൂടുതൽ ഉൾക്കൊണ്ട് പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ പൊലീസ് സേന. നീതി നടപ്പാക്കുമ്പോൾ ജാതിയും മതവും സേനയിലേക്ക് കടന്നുവരാറില്ലെന്നും സ്വാമി പറഞ്ഞു. ഡി.സി.ആർ.ബി ഡിവൈ.എസ്.പി എം.എ. അബ്ദുൽ റഹിം വിഷയം അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.ആർ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഒ .എ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ. ഷാജി, ടി.ടി. ജയകുമാർ, എം.എം. അജിത് കുമാർ, ബെന്നി കുര്യാക്കോസ്, എം.വി. സനിൽ, പി.എ. ഷിയാസ്, പ്രസാദ് പാറപ്പുറം തുടങ്ങിയവർ സംസാരിച്ചു.