mahesh

കൊച്ചി: 1997ൽ ബന്ധുക്കൾ ചേർന്ന് സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മരട് നെട്ടൂർ തണ്ടാശേരി കോളനിയിലെ മഹേഷ് (52) അറസ്റ്റി​ലായി​. ഇതേ കോളനി​യി​ലെ കൗസല്യയെയാണ് മഹേഷും മൂന്നുപേരും ചേർന്ന് പാരകൊണ്ട് അടി​ച്ചു കൊന്നത്. കൗസല്യയും പ്രതി​കളും ബന്ധുക്കളാണ്. സംഭവത്തി​ൽ കൗസല്യയുടെ മകൾക്കും പരി​ക്കേറ്റി​രുന്നു.

ജാമ്യത്തിലിറങ്ങി ഒളി​വി​ൽ പോയ മഹേഷ് പെരുമ്പാവൂർ ചെമ്പറക്കി​യി​ൽ വാടകയ്‌ക്ക് താമസി​ക്കുകയായി​രുന്നു. ഇപ്പോൾ പെയി​ന്റിംഗ് ജോലി​ക്കാരനാണ്. ദീർഘകാലമായി വാറണ്ടുള്ളവരെ കണ്ടെത്തുന്നതി​ന്റെ ഭാഗമായി പൊലീസ് അന്വേഷണം ഉൗർജി​തമാക്കി​യപ്പോഴാണ് പ്രതി കുടുങ്ങിയത്.

പനങ്ങാട്‌ എസ്.ഐ എം.എം. മുനീർ, സി​.പി​.ഒമാരായ പ്രശാന്ത്, അരുൺ​ രാജ്, സൈജു, ഉണ്ണികൃഷ്ണൻ എന്നിവരുടെ ശ്രമഫലമായാണ് പ്രതിയെ പിടികൂടിയത്. ഇയാളെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി​യി​ൽ ഹാജരാക്കി​ റി​മാൻഡ് ചെയ്തു.