
കോലഞ്ചേരി: തടിപ്പണിക്കാരനായി നിന്ന് കഞ്ചാവ് കച്ചവടം നടത്തിയ ഒഡീഷ സ്വദേശി സുബൽ നായിക്കിനെ (31) പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടിൽ നിന്ന് ട്രെയിൻ മാർഗം എത്തിക്കുന്ന കഞ്ചാവ് ചെറു പൊതികളിലാക്കി കച്ചവടം നടത്തുകയായിരുന്നു. ഇയാളിൽ നിന്ന് 1.750 കിലോ കഞ്ചാവ് പിടിച്ചെടുത്തു. അടുപ്പക്കാരെ കണ്ടെത്തി അവർക്ക് മാത്രമായിരുന്നു വില്പന. റൂറൽ എസ്.പി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് പിടികൂടിയത്. പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ, പൊലീസ് ഇൻസ്പെക്ടർ കെ.പി. ജയപ്രസാദ്, സബ് ഇൻസ്പെക്ടർ കെ.ജി. ബിനോയ്, ജി. ശശിധരൻ, എ.എസ്.ഐമാരായ ബിജു ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.