* സംഭവം നേവൽബേസിന് സമീപം വാത്തുരുത്തിയിൽ
കൊച്ചി: എറണാകുളം വെല്ലിംഗ്ടൺ ഐലൻഡിലെ ഹാർബർ ടെർമിനസ് സ്റ്റേഷനിലേക്കുള്ള റെയിൽപാതയിലൂടെ വന്ന ആഡംബര ടൂറിസം ട്രെയിനായ ഗോൾഡൻ ചാരിയറ്റ് ഇടിച്ച് ഉത്തർപ്രദേശ് നാഥൻപുർ സ്വദേശി ശ്യാംരാജിന്റെ മകൻ കമലേഷ് (43) മരിച്ചു. നേവൽബേസിന് സമീപം വാത്തുരുത്തിയിൽ ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം. അപൂർവമായാണ് ഈ പാതയിലൂടെ ട്രെയിൻ വരുന്നത്.
വാത്തുരുത്തിയിൽ താമസിക്കുന്ന കമലേഷ് നേവൽബേസിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ജോലികഴിഞ്ഞ് ഹെഡ്സെറ്റ് വച്ച് ഫോണിൽ സംസാരിച്ചുകൊണ്ട് ട്രാക്കിലൂടെ താമസസ്ഥലത്തേക്ക് പോവുകയായിരുന്നു. ലോക്കോപൈലറ്റ് ഹോൺ മുഴക്കിയെങ്കിലും ഫലമുണ്ടായില്ല. തലയ്ക്ക് ഗുരുതര പരിക്കേറ്റ് ഇയാൾ തൽക്ഷണം മരിച്ചു. ഹാർബർ പൊലീസ് കേസെടുത്തു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യയും മൂന്നു മക്കളുമുണ്ട്. ഇവർ ഇന്ന് കൊച്ചിയിലെത്തും.
ആറ് വർഷങ്ങൾക്ക് ശേഷമാണ് കർണാടകയിൽ നിന്നുള്ള ഗോൾഡൻ ചാരിയറ്റ് ട്രെയിൻ ഇന്നലെ കൊച്ചിയിലെത്തിയത്. കർണാടക സർക്കാർ നിറുത്തിവച്ച ഈ സർവീസ് 21ന് പുനരാരംഭിച്ച ശേഷമുള്ള ആദ്യയാത്രയാണിത്. ഹാർബർ ടെർമിനസിലുള്ള ട്രെയിൻ ഇന്ന് മടങ്ങും. ഈ പാളത്തിലൂടെ ട്രെയിനുകൾ വരാത്തതിനാൽ വാത്തുരുത്തിയിൽ കൂട്ടമായി താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ പാളത്തിലൂടെ നടക്കുന്നതും ഇരിക്കുന്നതും മറ്റും പതിവാണ്.
എറണാകുളം സൗത്ത് - ഹാർബർ ടെർമിനസ് പാത പ്രവർത്തന സജ്ജമാണെന്നും റെയിൽപാതയിൽ കയറുന്നതും മറ്റും ഒഴിവാക്കണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.