കോലഞ്ചേരി: കളഞ്ഞു കിട്ടിയ സ്വർണമാല തിരികെ നൽകി മരം വെട്ട് തൊഴിലാളികൾ. ഐ.എൻ.ടി.യു.സി ചൂണ്ടി മരം വെട്ട് തൊഴിലാളി യൂണിയനിലെ അംഗങ്ങളാണ് തിങ്കളാഴ്ച വൈകിട്ട് ചൂണ്ടിക്ക് സമീപം റോഡിൽ കിടന്ന് കളഞ്ഞുകിട്ടിയ രണ്ട് പവൻ തൂക്കം വരുന്ന മാല ഉടമസ്ഥർക്ക് തിരികെ നൽകി മാതൃകയായത്.

വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യൂണിയൻ അംഗമായ എ.എ. ജോർജുകുട്ടിക്കാണ് മാല കിട്ടിയത്. യൂണിയൻ ഭാരവാഹികളും പ്രസിഡന്റ് എം.എസ്. മുരളീധരനുമൊത്ത് പുത്തൻകുരിശ് ഡിവൈ.എസ്.പി ഓഫീസിലെത്തി മാല ഏല്പിച്ചു. വടവുകോട് സ്വദേശിയായ മുളങ്കോരത്ത് സജീവിന്റെ മകളുടെ മാലയാണ് കൊളുത്തകന്ന് വഴിയിൽ നഷ്ടപ്പെട്ടു പോയത്. ഉടമ ഡവൈ.എസ്.പി ഓഫീസിലെത്തി തിരിച്ചറിഞ്ഞിനെ തുടർന്ന് മാല തൊഴിലാളികളുടെ സാന്നിദ്ധ്യത്തിൽ കൈമാറി.