#കർമരംഗത്ത് കാൽനൂറ്റാണ്ട് പിന്നിടുന്ന നെടുമ്പാശേരി വിമാനത്താവളം വ്യോമ ഗതാഗതത്തിന് പുറമേ അനുബന്ധ പദ്ധതികളിലും മാതൃകയാണ്. ഇതിൽ ഒടുവിലത്തേതാണ് പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ വിമാനത്താവള ക്യാമ്പസിൽ ഒരുക്കിയ 'താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ'. ഡിസംബർ 28ന് മുഖ്യമന്ത്രിയാണ് ഈ സംയുക്ത ഹോട്ടൽ സംരംഭം ഉദ്ഘാടനം ചെയ്യുന്നത്.#
മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ ഒരു ഓർമദിനം കൂടി കടന്നു പോയി. ദീർഘവീക്ഷണമുള്ള ഭരണാധികാരിയെന്ന നിലയിൽ ലീഡറുടെ നേതൃത്വത്തിൽ നടപ്പാക്കിയ ഏറ്റവും ശ്രദ്ധേയമായ വികസന പദ്ധതിയായി ഓർത്തെടുക്കുന്നത് കൊച്ചി വിമാനത്താവളമാണ്. രാജ്യത്തെ വിമാനത്താവളങ്ങൾ എയർപോർട്ട് അഥോറിറ്റിയുടെ കുത്തകയായിരുന്ന കാലം. നെടുമ്പാശേരിയിലെ ചതുപ്പുനിലത്ത് ജനകീയ പങ്കാളിത്തത്തോടെ ഒരു വിമാനത്താവളം. ഇത് ഉട്ടോപ്യൻ ആശയമായി വിലയിരുത്തിയവരുണ്ട്. കുടിയിറക്കലിന്റെ പേരിലും മറ്റും ശക്തമായി എതിർത്തവരുണ്ട്. എല്ലാം നിഷ്പ്രഭമാക്കിയ വികസനമാണ് നെടുമ്പാശേരിയിൽ നടന്നത്. പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാൻ നടത്തിയ രാഷ്ട്രീയ നീക്കങ്ങളും ചരിത്രം. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ ) കർമരംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. വ്യോമഗതാഗതത്തിന് പുറമേ, സമ്പദ് വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടുന്ന അനുബന്ധ വികസന സംരംഭങ്ങളിലും മാതൃകയാണ് സിയാൽ. അതിൽ ഒടുവിലത്തേതാണ് ഡിസംബർ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്ന 'താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ'.
പഞ്ചനക്ഷത്ര സൗകര്യം
പടിവാതിൽക്കൽ
ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള കൊച്ചി എയർപോർട്ടിന്റെ കുതിപ്പിന് ഏറെ പിൻബലമാണ് താജ് ഹോട്ടൽ. ലോക നിലവാരത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പും. യാത്രക്കാർക്ക് പരമാവധി സേവനങ്ങൾ ഒരുക്കാനും പുതിയ സർവീസുകൾ ആരംഭിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സിയാൽ നടപ്പിലാക്കിവരുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് താജ് ഹോട്ടൽ സമുച്ചയം സ്ഥാപിച്ചത്. മാസ്റ്റർ പ്ലാനിലെ ഭൂവിനിയോഗ പദ്ധതിയുടെ ഭാഗമായി സിയാൽ പണികഴിപ്പിച്ചതാണ് ഈ ഹോട്ടൽ. നടത്തിപ്പിനായി താജ് ഗ്രൂപ്പിനെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐ.എച്ച്.സി.എൽ) ആഗോള ടെൻഡറിലൂടെ കണ്ടെത്തുകയായിരുന്നു. ടെർമിനലുകളിൽ നിന്ന് 500 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടലിലേയ്ക്ക് ലാൻഡിംഗ് കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാനാകും. താജ് ക്ലബ് ലോഞ്ച്, ഒരു വശത്ത് റൺവേയും മറുവശത്ത് പ്രകൃതിഭംഗിയും കാഴ്ചയൊരുക്കുന്ന 111 മുറികൾ, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബാങ്ക്വെറ്റ് ഹാളുകൾ, ബോർഡ് റൂമുകൾ, പ്രീ-ഫംഗ്ഷൻ ഏരിയ, സിമ്മിംഗ് പൂൾ, വിസ്തൃതമായ ലോബി, ബാർ, ഫിറ്റ്നസ് സെന്റർ എന്നിവ പഞ്ചനക്ഷത്ര മോടിയോടെ കൊച്ചി വിമാനത്താവള താജ് ഹോട്ടലിലുണ്ട്. താജിന്റെ പ്രശസ്തമായ വിസ്ത റസ്റ്ററന്റ് (24 മണിക്കൂർ), ഹൗസ് ഓഫ് മിംഗ് എന്നിവ രുചി സമൃദ്ധി ഒരുക്കും. 4 ഏക്കറിൽ സ്ഥിതിചെയ്യുന്ന താജ് ഹോട്ടലിന് കാർ പാർക്കിംഗിന് വിശാലമായ സ്ഥലവുമുണ്ട്.
നിരന്തര വികസനം
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, 10 മെഗാ പ്രോജക്ടുകളും 163 ഇടത്തരം സംരംഭങ്ങളും സിയാൽ നടപ്പിലാക്കിയിട്ടുണ്ട്. കോഴിക്കോട് അരിപ്പാറ ജലവൈദ്യുത നിലയം , കണ്ണൂരിലെ പയ്യന്നൂർ സോളാർ പ്ലാന്റ്, ബിസിനസ് ജെറ്റ് ടെർമിനൽ, ഇംപോർട്ട് കാർഗോ ടെർമിനൽ, 0484 എയ്‌റോ ലോഞ്ച്, എയർപോർട്ട് എമർജൻസി സർവീസ് പരിഷ്‌ക്കരണം എന്നിവ ഈ കാലയളവിലെ പ്രധാന നേട്ടങ്ങളാണ്. ഐടി, സുരക്ഷാ സജ്ജീകരണങ്ങളുടെ സമഗ്രമായ നവീകരണവും ഈ കാലയളവിൽ നടപ്പിലാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ തുറന്ന 0484 എയ്‌റോ ലോഞ്ച് വൻ വിജയമായി. രണ്ടാം ടെർമിനലിൽ സ്ഥിതിചെയ്യുന്ന എയ്റോ ലോഞ്ച് രണ്ടുമാസത്തിനുള്ളിൽ 100 ശതമാനം ബുക്കിങ് എന്ന നേട്ടം കൈവരിച്ചു. യാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചെലവിൽ വിമാനത്താവളത്തിനുള്ളിൽ ആഡംബര താമസ സൗകര്യമാണ് 0484 എയ്റോ ലോഞ്ച് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ ആദ്യ സമ്പൂർണ ഹരിത വിമാനത്താവളം കൂടിയാണ് കൊച്ചിയിലേത്. ഇന്ന് ആ മാതൃക പിൻതുടർന്ന് രാജ്യത്തെ 79 വിമാനത്താവളങ്ങൾ സോളാർ വൈദ്യുതിയിലേക്ക് മാറിക്കഴിഞ്ഞു. 2015ൽ 14 മെഗാവാട്ട് സോളാർ വൈദ്യുതി ഉൽപാദിപ്പിച്ചാണ് സിയാൽ ഗ്രീൻ എനർജിയിലേക്ക് മാറിയത്. ഇത് ഘട്ടങ്ങളായി 50 മെഗാവാട്ടിലേക്ക് എത്തിച്ചു. ഭാരത് പെട്രോളിയത്തിന്റെ സഹകരണത്തോടെ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾക്കും സിയാൽ തുടക്കമിട്ടു. ഇത്തരത്തിൽ ചിന്തിച്ച ലോകത്തിലെ ആദ്യ വിമാനത്താവളമാണിത്. ഹൈഡ്രജൻ ഉൽപാദനം തുടങ്ങുന്നതോടെ എയർപോർട്ടിലെ വാഹനങ്ങളെല്ലാം അതിലേക്ക് മാറും. എറണാകുളം മുൻ കളക്ടർ എസ്. സുഹാസാണ് സിയാൽ മാനേജിംഗ് ഡയറക്ടറെന്ന നിലയിൽ സ്ഥാപനത്തെ നയിക്കുന്നത്.
ഒരു കോടി പാദമുദ്രകൾ
നിലവിൽ പ്രതിവർഷം ഒരു കോടി യാത്രക്കാർ സിയാലിൽ എത്തുന്നുണ്ട്. മൂന്നുവർഷത്തിനകം അത് ഒന്നേകാൽ കോടിയാകുമെന്നാണ് കണക്കുകൂട്ടൽ. ട്രാഫിക് കൂടുന്നതിനനുസരിച്ച് യാത്രക്കാർക്ക് നൽകുന്ന സേവനവും വർദ്ധിപ്പിക്കേണ്ടതുണ്ട്. അമേരിക്ക, കാനഡ, ജർമനി, ഓസ്ട്രേലിയ തുടങ്ങി മലയാളികൾ കൂടുതലായി ചേക്കേറുന്ന രാജ്യങ്ങളിലേക്ക് കൊച്ചിയിൽ നിന്ന് നേരിട്ട് വിമാനങ്ങൾ ഇല്ലാത്തതിന്റെ ന്യൂനതയുണ്ട്. യൂസേഴ്സ് ഫീ കൂടുതലാണെന്ന യാത്രക്കാരുടെ പരാതിയും പരിഹരിക്കേണ്ടതുണ്ട്. വികസനമെല്ലാം പൂർത്തിയാകുമ്പോൾ സ്വകാര്യ കമ്പനികൾക്ക് തീറെഴുതി നൽകാതെ സ്ഥാപനത്തെ പൊതുമേഖലയിൽ തന്നെ നിലനിർത്തേണ്ടതുമുണ്ട്.