e-commerce

കൊച്ചി: ബുക്കുചെയ്‌താൽ വീട്ടിലെത്തിക്കും. പക്ഷേ, സേവന വീഴ്‌ചകളിൽ പ്രമുഖ ഇ-കൊമേഴ്സ് കമ്പനികളും മുന്നിൽ. ഇക്കൊല്ലം കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് ലഭിച്ച 12 ലക്ഷം പരാതികളിൽ 4.46 ലക്ഷവും ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങൾക്കെതിരെയാണ്.

ഉത്പന്നത്തിന്റെ കേടുപാട്, ബുക്കുചെയ്‌ത പ്രോഡക്ടിനു പകരം മറ്റൊന്ന്, വിതരണ കാലതാമസം, റീഫണ്ട് ചെയ്യാതിരിക്കൽ-പരാതികൾ നീളന്നു. കഴിഞ്ഞ വർഷത്തേക്കാൾ അരലക്ഷം പരാതികളാണ് കൂടിയത്. ഉപഭോക്തൃകാര്യമന്ത്രാലയം ലോക്‌സഭയിൽ പറഞ്ഞതാണീക്കണക്ക്.

വാൾമാർട്ടിന്റെ ഇന്ത്യൻ പതിപ്പായ ഫ്ലിപ്കാർട്ടിനെതിരേയാണ് കൂടുതൽ പരാതി. ഭക്ഷണ വിതരണത്തിലെ പരാതികളിൽ സ്വിഗ്ഗിയും ക്യാബ് സർവീസ് വീഴ്ചയിൽ 'ഒല"യുമാണ് മുന്നിൽ. നാഷണൽ കൺസ്യൂമർ ഹെൽപ്‌ ലൈൻ (consumerhelpline.gov.in) പോർട്ടൽ വഴി ലഭിച്ച പരാതികളാണ് ഏറെയും. ഇവയിൽ 90 ശതമാനവും തീർപ്പാക്കിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

മന്ത്രാലയത്തിൽ പരാതിപ്പെടാൻ

 എസ്.എം.എസ്, വാട്സ്ആപ്പ്, ഇ-മെയിൽ, ഉമംഗ് ആപ്പ് മുഖേനയുമാവാം

 1915 എന്ന ടോൾഫ്രീ നമ്പരിൽ 17 ഭാഷകളിൽ പരാതി രജിസ്റ്റർ ചെയ്യാം

 പരാതിക്ക് ഡോക്കറ്റ് നമ്പർ ലഭിക്കും. കമ്പനികൾക്ക് പകർപ്പ് അയയ്ക്കും

 സർക്കാരിന്റെ തുടർ നടപടികൾ അപ്പപ്പോൾ പരാതിക്കാരെ അറിയിക്കും

 കമ്പനികൾ ഉഴപ്പിയാൽ പിഴ ഈടാക്കി നൽകും. 45 ദിവസത്തിനകം തീർപ്പ്

 തൃപ്തികരമല്ലെങ്കിൽ ഉപഭോക്തൃ തർക്കപരിഹാര കോടതികളെ സമീപിക്കാം

 കോടതിക്കുള്ള പരാതി വെള്ളക്കടലാസിൽ മതി. ഓൺലൈനായും സമർപ്പിക്കാം

2024ൽ കിട്ടിയ പരാതി​

 ഇ- കൊമേഴ്സ്

ഫ്ലിപ്കാർട്ട്: 1,60,857

ആമസോൺ: 58,875

മിന്ത്ര: 21,842

മീഷോ: 20,593

 ഫുഡ് പ്ലാറ്റ്ഫോം

സ്വിഗ്ഗി: 9,527

സൊമാറ്റൊ: 6,983

ബ്ലിൻക് ഇറ്റ്: 1,244

 ക്യാബ് സർവീസ്

ഒല: 4,455

ഊബർ: 2,121