f

തൃപ്പൂണിത്തുറ: പൂത്തോട്ട ഗ്രാമത്തിൽ നവോത്ഥാന,​ ദേശീയ പ്രസ്ഥാനങ്ങളുടെ അടയാളമായി 1939ൽ പ്രവർത്തനം ആരംഭിച്ച ശ്രീനാരായണ ഗ്രന്ഥശാല 85 വയസ് പിന്നിടുന്ന അവസരത്തിൽ നാടകകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാടകോത്സവം സംഘടിപ്പിക്കും.

ഒരു വർഷമായി നടത്തിവന്ന വിവിധ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് 27 മുതൽ 31 വരെ പൂത്തോട്ട ക്ഷേത്ര മൈതാനിയിലാണ് നാടകോത്സവം നടക്കുക. കൂടാതെ കലാസാംസ്കാരിക സംഗമങ്ങൾ, കുടുംബശ്രീ വിപണനമേള, വിവിധ കൂട്ടായ്മകൾ, പ്രദർശനങ്ങൾ, അവതരണങ്ങൾ, സമ്മാനവിതരണം എന്നിവ നടക്കും.

ഇന്ന് വൈകിട്ട് 5 ന് നടക്കുന്ന സമ്മേളനം ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർപേഴ്സണും ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റുമായ സജിത മുരളി അദ്ധ്യക്ഷയാകും. കെ. ബാബു എം.എൽ.എ, നാടകോത്സവം ഡയറക്ടർ രമേശ് വർമ, നാടക് ജന. സെക്രട്ടറി ജെ. ശൈലജ, പൂത്തോട്ട എസ്.എൻ.ഡി.പി സെക്രട്ടറി അരുൺകാന്ത്, ശ്രീനാരായണ ഗ്രന്ഥശാല പ്രസിഡന്റ് ഡോ. വി.എം. രാമകൃഷ്‌ണൻ, സെക്രട്ടറി വി.ആർ. മനോജ്, ടി.സി. ഷിബു എന്നിവർ സംസാരിക്കും.

നാടകങ്ങൾ:

27 ന് വൈകിട്ട് 7 ന് കട്ടപ്പന ദർശന അവതരിപ്പിക്കുന്ന 'തോറ്റവരുടെ യുദ്ധങ്ങൾ'

28 ന് വൈകിട്ട് 7ന് എൻ എൻപിള്ളയുടെ 'ശുദ്ധമദ്ദളം'

29ന് വൈകിട്ട് 7 ന് എരമല്ലൂർ ശ്രുതി ആർട്സിന്റെ 'കായൽ കഹാനി', 8 ന് ഉണ്ണി പൂണിത്തുറയുടെ 'കൂവാഗം'

30 ന് വൈകിട്ട് 7 ന് തിലകൻ പൂത്തോട്ടയുടെ 'നവോത്ഥാനത്തിന്റെ നാൾവഴികൾ'

31 ന് 7 ന് കേരള ലിറ്റിൽ എർത്ത് തീയറ്ററിന്റെ 'ചില്ലറ സമരം'