കുമ്പളങ്ങി: കുമ്പളങ്ങി തെക്ക് ശ്രീ നാരായണ ധർമ്മപ്രബോധിനിസഭ ഗുരുവരമഠത്തിലെ മണ്ഡലവ്രത സമാപ്തി ദിനാഘോഷത്തോടനുബന്ധിച്ച് ശ്രീനാരായണ ഗുരുവിന്റെ ജീവിതം ആസ്പദമാക്കി അവതരിപ്പിച്ച ദൃശ്യാവിഷ്കാരം 'ചെമ്പഴന്തിയിലെ സൂര്യോദയം" ശ്രദ്ധേയമായി. ഗുരുദേവന്റെ ജനനം മുതൽ മഹാസമാധിവരെയുള്ള ജീവിതഭാഗങ്ങൾ കോർത്തിണക്കി അരമണിക്കൂറിലൊതുക്കിയ ദൃശ്യാവിഷ്കാരത്തിൽ ഗുരുവരമഠത്തിൽ ഗുരുദേവന്റെ നേതൃത്വത്തിൽ നടത്തിയ മിശ്രഭോജനത്തിന്റെ ധന്യമുഹൂർത്തങ്ങളും ഉൾപ്പെടുത്തിയിരുന്നു. എസ്.എൻ കല്യാണമണ്ഡപത്തിലെ നിറഞ്ഞ സദസിലായിരുന്നു അവതരണം.
ഒരു വയസുകാരനായ നാണുവിൽ നിന്ന് ശ്രീനാരായണ ഗുരുവിലേക്കുള്ള വളർച്ച, ഗാന്ധിജി, നരസിംഹസ്വാമി, സഹോദരൻ അയ്യപ്പൻ, രബീന്ദ്രനാഥടാഗോർ, സ്വാമി വിവേകാനന്ദൻ, കുമാരനാശാൻ എന്നിവരുമായുള്ള സംവാദങ്ങൾ എന്നിവ നവ്യാനുഭവമായി. ഷിജു മുകുന്ദൻ ശ്രീനാരായണ ഗുരുവായി വേദിയിൽ നിറഞ്ഞുനിന്നു. വേദവേദാന്ത ക്ലാസിലെ കുട്ടികളും സഭാംഗങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ശ്രീദേവി വിചിത്രനാണ് രചനയും സംവിധാനവും വസ്ത്രാലങ്കാരവും നിർവഹിച്ചത്. ഗുരുധർമ്മ പ്രചാരണ സഭ കൊച്ചി മണ്ഡലം രക്ഷാധികാരി ഗീത സുബ്രഹ്മണ്യൻ, മിനി പ്രദീപ്, ഗീത ശിവൻ, നിഷ അനിൽ, സുചിത്ര പ്രിൻസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൃശ്യാവിഷ്കാരം ഒരുക്കിയത്.