muthoot-finance

കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ ശ്രീലങ്കയിലെ ഉപകമ്പനിയായ ഏഷ്യ അസറ്റ് ഫിനാൻസ് പി.എൽ.സി (എ.എ.എഫ്) മികച്ച ലാഭത്തോടെ മുന്നേറുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി 9.56 കോടി രൂപയുടെ റെക്കാഡ് അറ്റാദായം നേടി. ശ്രീലങ്കയിലെ ഫിച്ച് റേറ്റിംഗിൽ നിന്ന് എ പ്ലസ് സ്റ്റേബിൾ ഔട്ട്‌ലുക്ക് റേറ്റിംഗും എ.എ.എഫ് കൈവരിച്ചു. 2019ന് ശേഷം സ്വർണ പണയ വായ്പകൾ നാല് മടങ്ങ് കൂടി. ഇതോടെ മൊത്തം ബിസിനസിലെ സ്വർണ പണയ വായ്പയുടെ വിഹിതം 18 ശതമാനമായി ഉയർന്നു.

മുത്തൂറ്റ് ഫിനാൻസും എ.എ.എഫുമായുള്ള പങ്കാളിത്തം 2014ൽ ആരംഭിച്ചപ്പോൾ പത്ത് ശാഖകളാണുണ്ടായിരുന്നത്. നിലവിൽ ശാഖകളുടെ എണ്ണം നൂറായി ഉയർന്നു. 570.5 കോടി രൂപയുടെ വായ്പാ ആസ്തിയുള്ള എ.എ.എഫിൽ മുത്തൂറ്റ് ഫിനാൻസിന് 72.92 ശതമാനം ഓഹരികളുണ്ട്.

ഏഷ്യ അസറ്റ് ഫിനാൻസുമായുള്ള പത്ത് വർഷ പങ്കാളിത്തത്തോടെ വായ്പാ വിതരണത്തിൽ 33 ശതമാനം വാർഷിക വളർച്ച നേടാനായെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ്, ഏഷ്യ അസറ്റ് ഫിനാൻസ് ചെയർമാൻ വി.എ. പ്രശാന്ത്, മുത്തൂറ്റ് ഫിനാൻസ് എക്‌സിക്യുട്ടീവ് ഡയറക്ടറും സി.ഒ.ഒയുമായ കെ.ആ.ർ ബിജിമോൻ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മേധാവി രോഹിത് രാജ് തുടങ്ങിയവർ പങ്കെടുത്തു.