പറവൂർ: മുത്തൂറ്റ് പാപ്പച്ചൻ ട്രോഫിക്ക് വേണ്ടിയുള്ള 46-ാമത് സംസ്ഥാന സബ്‌ജൂനിയർ (ആൺ-പെൺ ) വോളിബാൾ ചാമ്പ്യൻഷിപ്പ് 28, 29, 30 തിയതികളിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കഡറി സ്കൂളിലെ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. എസ്.എൻ.വി സ്കൂളിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. രണ്ട് കോർട്ടുകളിൽ പകലും രാത്രിയുമായി 32 മത്സരങ്ങൾ നടക്കും. ആയിരത്തിലധികം പേർക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് നിർമ്മിച്ചിട്ടുള്ളത്. നാളെ രാവിലെ ഒമ്പതിന് മത്സരങ്ങൾ തുടങ്ങും. വൈകിട്ട് അഞ്ചിന് പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. 30ന് നടക്കുന്ന ഫൈനൽ മത്സര വിജയികൾക്ക് നഗരസഭാ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ സമ്മാനങ്ങൾ നൽകും. ദേശീയ സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമംഗങ്ങളെ ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കും.