
കൊച്ചി: എറണാകുളം ഗാന്ധിനഗറിലെ കപ്പൽ ടിക്കറ്റ് കൗണ്ടർ നിറുത്തലാക്കി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ. കാരണം വ്യക്തമാക്കാതെ മൂന്ന് മെഡിക്കൽ ഓഫീസർമാരെയും പുറത്താക്കി. രണ്ടു നടപടികൾക്കെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. 23 മുതലാണ്നിറുത്തലാക്കിയത്. നോട്ടീസിലൂടെയാണ് അഡ്മിനിസ്‌ട്രേഷൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എമർജൻസി ക്വാട്ട, കാർഗോ ടിക്കറ്റുകൾ, മറ്റ് യാത്രാ ടിക്കറ്റുകൾ എന്നിവയ്ക്ക് ഇനി മുതൽ വില്ലിംഗ്ഡൺ ഐലന്റിലുള്ള ലക്ഷദ്വീപ് പാസഞ്ചേഴ്‌സ് റിപ്പോർട്ടിംഗ് സെന്ററിലെ കൗണ്ടറിൽ ബന്ധപ്പെടണമെന്നാണ് അറിയിച്ചിരിക്കുന്നത്. നാഷണൽ ആയുഷ് മിഷൻ, നാഷണൽ ഹെൽത്ത് മിഷൻ എന്നിവയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് ആയുർവേദ, ഹോമിയോ ഡോക്ടർമാരെയാണ് പിരിച്ചുവിട്ടത്.