പെരുമ്പാവൂർ: പ്രാഥമിക സഹകരണ ബാങ്കുകൾ ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലാണെന്നും സഹകരണ ബാങ്കുകൾക്ക് സംസ്ഥാന സർക്കാർ എർപ്പെടുത്തിയ പരിധി എടുത്തുകളഞ്ഞ് മുഴുവൻ നിക്ഷേപക തുകയ്ക്കും ഉറപ്പു നൽകി സഹകരണ മേഖലയുടെ വിശ്വസ്തത സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മുടക്കുഴ സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് ജോഷി തോമസ് അദ്ധ്യക്ഷനായി. നിർദ്ധന കുടുംബത്തിന് ശതാബ്ദി സ്മാരകമായി നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം ബെന്നി ബഹന്നാൻ എം.പിയും ശതാബ്ദി സ്മാരക ഹാളിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുംനിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാർ, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, ഒ. ദേവസി, രജിത ജെയ്‌മോൻ, ഷൈമി വർഗീസ്, ബേസിൽ പോൾ, ജോയ് പൂണോളി, ടി.കെ. സാബു, എം.ജി. സന്തോഷ്‌കുമാർ, ഷാജി കീച്ചേരി, ഇ.പി. രമേഷ്‌കുമാർ, പി.വി. ഗോപിനാഥൻ, പോൾ വർഗീസ്, കെ.പി. വർഗീസ്, എന്നിവർ സംസാരിച്ചു.