
കൊച്ചി: ലോക റെക്കാഡ് ലക്ഷ്യമിട്ട് 12,000 നർത്തകർ അണിനിരക്കുന്ന ഭരതനാട്യം 29ന് വൈകിട്ട് ആറിന് കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ അരങ്ങേറും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് അദ്ദേഹത്തിന്റെ മകൻ ദീപാങ്കുരൻ സംഗീതം നൽകി അനൂപ് ശങ്കർ ആലപിച്ച ഗാനത്തിന് അനുസൃതമായാണ് ചലച്ചിത്രതാരം ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ നർത്തകർ ചുവടുവയ്ക്കുക. 10 മിനിറ്റ് നീളുന്നതാണ് അവതരണം.
കല്ല്യാൺ സിൽക്‌സിന്റെ നെയ്‌ത്ത് ഗ്രാമങ്ങളിൽ തയ്യാറാക്കിയ നീല ആർട്ട്‌സിൽക്ക് സാരി അണിഞ്ഞാണ് നർത്തകർ ചുവടുവയ്ക്കുക. കലാമണ്ഡലം, കലാക്ഷേത്ര, ആർ.എൽ.വി, ലാസ്യ എന്നിവയിലെ ഗുരുക്കന്മാരെ ജോയ് ആലുക്ക ആദരിക്കും.
പരിപാടിക്ക് മാറ്റുകൂട്ടാൻ പരീസ് ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന നൃത്തവും വിദ്യാഉണ്ണി, ഋതുമന്ത്ര, ഉത്തരാ ഉണ്ണി, ദേവി ചന്ദന തുടങ്ങിയ പ്രഗത്ഭരുടെ നൃത്തപ്രകടനങ്ങളും അരങ്ങേറും.
550 ഗുരുക്കന്മാരുടെ പരിശീലനം നേടിയ അമ്പത് രാജ്യങ്ങളിൽ നിന്നുള്ള നർത്തകരാണ് പങ്കെടുക്കുന്നത്. ഏഴ് മുതൽ 60 വയസുകാർ വരെ അണിനിരക്കും. 149 രൂപയാണ് ടിക്കറ്റ് നിരക്ക്.