ആലുവ: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നീക്കിയ കൊടികളും ബോർഡുകളും നിരത്തിൽ തിരിച്ചെത്തിയപ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ശക്തമായ ഇടപെടൽ. പിന്നാലെ ആലുവ നഗരസഭാ സെക്രട്ടറി ഇടപെട്ട് മണിക്കൂറുകൾക്കകം നിയമവിരുദ്ധ അലങ്കാരങ്ങൾ നീക്കി.

ക്രിസ്മസ് ദിവസം ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നെടുമ്പാശേരി ഭാഗത്തേക്ക് പോയപ്പോഴാണ് ദേശീയപാതയിൽ മുട്ടം മുതൽ ആലുവ മാർത്താണ്ഡവർമ്മ പാലം വരെ വ്യാപകമായി കോൺഗ്രസിന്റെ കൊടിയും ബോർഡും സ്ഥാപിച്ചിരിക്കുന്നത് ശ്രദ്ധിൽപ്പെട്ടത്. മഹാത്മ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് ആയതിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മഹിള കോൺഗ്രസ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഷാനിമോൾ ഉസ്മാൻ പങ്കെടുക്കുമെന്നായിരുന്നു അറിയിപ്പ്. 50 ഓളം കൊടികളും 100 ഓളം ബാനറുകളും വൈകിട്ട് തന്നെ നീക്കിയില്ലെങ്കിൽ സെക്രട്ടറി 75,000 രൂപ പിഴ അടയ്‌ക്കേണ്ടിവരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. നടപടി സ്വീകരിച്ച ശേഷം ആറ് മണിക്കകം റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശിച്ചു.

മുന്നറിയിപ്പിനു പിന്നാലെ നഗരസഭാ ജീവനക്കാരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് കൊടിയും ബോർഡുകളും നീക്കി. തുടർന്ന് നഗരസഭാ സെക്രട്ടറി അഭിഭാഷകൻ മുഖേന ഹൈക്കോടതിക്ക് റിപ്പോർട്ട് കൈമാറി.

കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ, നഗരത്തിൽ അനധികൃതമായി ബോർഡുകൾ, ബാനറുകൾ, കൊടികൾ, തോരണങ്ങൾ എന്നിവ സ്ഥാപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി പി.ജെ. ജെസീന്ത അറിയിച്ചു.