കോലഞ്ചേരി: യാക്കോബായ സഭയുടെ 35-ാമത് അഖിലമലങ്കര സുവിശേഷ മഹായോഗം പുത്തൻകുരിശ് പാത്രിയാർക്കാ സെന്റർ മൈതാനിയിൽ തുടങ്ങി. സിറോ മലബാർ സഭാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. മലങ്കര മെത്രാപ്പൊലീത്ത ഗ്രീഗോറിയോസ് ജോസഫ് അദ്ധ്യക്ഷനായി. വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പൊലീത്ത ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മുഖ്യസന്ദേശം നൽകി.
സുവിശേഷ സംഘം പ്രസിഡന്റ് അത്താനാസിയോസ് ഏലിയാസ്, സഭാ ഭാരവാഹികളായ ഫാ. റോയി ജോർജ് കട്ടച്ചിറ, തമ്പു ജോർജ് തുകലൻ, ജേക്കബ് സി. മാത്യു എന്നിവരും മെത്രാപ്പൊലീത്തമാരും വൈദികരും സംബന്ധിച്ചു.
31 വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകിട്ട് 5 വരെയും നടക്കുന്ന യോഗങ്ങളിൽ സൺഡേ സ്‌കൂൾ അദ്ധ്യാപക വിദ്യാർത്ഥിരക്ഷാകർതൃ സംഗമം, അഖില മലങ്കര മർത്തമറിയം വനിതാസമാജം സംഗമം, സെന്റ് പോൾസ് മിഷൻ ഓഫ് ഇൻഡ്യ സംഗമം, മദ്ബഹാ ശുശ്രൂഷകരുടെയും ജെ.എസ്.സി മിഷന്റെയും ഏലിയാസ് നാമധാരികളുടെയും സംയുക്തസംഗമം, പൗരസ്ത്യ സുവിശേഷ സമാജം സംഗമം എന്നിവയും ധ്യാനങ്ങളും പ്രസംഗങ്ങളും നടക്കും.
ഇന്ന് കോതമംഗലം മേഖലാധിപൻ യൂലിയോസ് ഏലിയാസ് ആമുഖസന്ദേശവും ഫാ. ഡേവീസ് ചിറമ്മേൽ മുഖ്യസന്ദേശവും നൽകും. നാളെ കോട്ടയം ഭദ്റാസനാധിപനും എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ തീമോത്തിയോസ് തോമസ് ആമുഖസന്ദേശവും ഇടുക്കി ഭദ്റാസനാധിപൻ പീലക്‌സിനോസ് സഖറിയാസ് മുഖ്യസന്ദേശവും നൽകും. 29ന് മുംബയ് ഭദ്റാസനാധിപൻ അലക്‌സന്ത്റയോസ് തോമസ് ആമുഖസന്ദേശവും ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ മുഖ്യസന്ദേശവും നൽകും. 30ന് പെരുമ്പാവൂർ മേഖലാധിപൻ അഫ്രേം മാത്യൂസ് ആമുഖസന്ദേശവും ഫാ. എം.സി സാമുവേൽ മുഖ്യ വചനശുശ്രൂഷയും നിർവഹിക്കും. 31ന് കണ്ടനാട് ഭദ്റാസനാധിപൻ ഈവാനിയോസ് മാത്യൂസ് ആമുഖസന്ദേശവും പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ മുഖ്യസന്ദേശവും നൽകും. മൂവാറ്റുപുഴ മേഖലാധിപൻ ഡോ. അന്തിമോസ് മാത്യൂസ് സമാപനസന്ദേശം നൽകും. ഗബ്രിയേൽ റമ്പാൻ പുതുവത്സര സന്ദേശം നൽകും. ഇ.സി. വർഗീസ് കോർ എപ്പിസ്‌കോപ്പ, ജോർജ് മാന്തോട്ടം കോർ എപ്പിസ്‌കോപ്പ, മോൻസി വാവച്ചൻ, തോമസ് കണ്ണടിയിൽ എന്നിവർ നേതൃത്വം നൽകും.