കൊച്ചി: കേരളകൗമുദി കൊച്ചിയിൽ എത്തിയതിന്റെ 104-ാം വാർഷികാഘോഷവും കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷവും ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള നാളെ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് എറണാകുളം ബി.ടി.എച്ചിൽ നടക്കുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർമാൻ റിട്ട. ജസ്റ്റിസ് പി. സോമരാജൻ മുഖ്യപ്രഭാഷണം നടത്തും. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ സ്വാഗതം പറയും.
1911ൽ പ്രസിദ്ധീകരണം തുടങ്ങിയ കേരളകൗമുദി കൊച്ചിയിലെ വായനക്കാരിൽ എത്തിയിട്ട് 104 വർഷമായി. തിരുവിതാംകൂറിന്റെ ഹൃദയത്തുടിപ്പായ കേരളകൗമുദി കൊച്ചി മഹാരാജ്യത്തേക്ക് കടന്നുവരുമ്പോൾ തുറമുഖ നഗരിയുടെ കാഴ്ചയും ജീവിതവും വ്യത്യസ്തമായിരുന്നു. നവോത്ഥാനചരിത്രത്തിന്റെ ഭാഗമായി പിറവികൊണ്ട കേരളകൗമുദി കൊച്ചിയുടെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യമായി മാറി. വാർത്തകളിൽ സത്യസന്ധത ചേർത്തുവച്ച 114 വർഷങ്ങളുടെ നിറവിൽ നിരവധി ആഘോഷപരിപാടികൾക്കാണ് ഇന്ന് കൊച്ചിയിൽ തുടക്കം കുറിക്കുന്നത്. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കും.