കൊച്ചി: പുതിയ തലമുറയിലേക്ക് ഗുരുദേവ ദർശനം പകർന്നുകൊടുക്കാനുള്ള കൂട്ടായ പരിശ്രമം വേണമെന്ന് കുടുംബ കോടതി റിട്ട. ജില്ലാ ജഡ്ജി എൻ. ലീലാമണി പറഞ്ഞു. ഗുരുദേവ സത്‌സംഗം പാലാരിവട്ടം ശ്രീരാജരാജേശ്വരി ദേവീക്ഷേത്രം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശ്രീനാരായണധർമ്മ പഠന ശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എൻ. ലീലാമണി.

മനുഷ്യന്റെ സർവതോന്മുഖമായ പുരോഗതിക്ക് വഴിയൊരുക്കുന്ന രീതിയിലാണ് ശിവഗിരി തീർത്ഥാടനം ശ്രീനാരായണ ഗുരുദേവൻ ആവിഷ്കരിച്ചത്. യുവജനങ്ങൾ അതിന്റെ പ്രാധാന്യം വേണ്ട രീതിയിൽ മനസിലാക്കിയിട്ടില്ല. വിദ്യാഭ്യാസം കൊണ്ടുമാത്രമേ സാമൂഹികമായ പുരോഗതി ഉണ്ടാക്കാനാകൂ എന്ന് മനസിലാക്കിയാണ് ഗുരുദേവൻ പ്രവർത്തിച്ചത്. ഇക്കാലത്ത് വിദ്യാസമ്പരായ യുവജനതയും വിദ്യയുടെ മൂല്യം മനസിലാക്കാതെയാണ് മുന്നോട്ടുപോകുന്നതെന്നും എൻ. ലീലാമണി പറഞ്ഞു.

ചടങ്ങിൽ പഠനശിബിരം ചെയർമാൻ കെ.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, പാലാരിവട്ടം ശ്രീഹരിഹരസുത ക്ഷേത്രം പ്രസിഡന്റ് ടി.പി. രവീന്ദ്രൻ, രാജരാജേശ്വരി ദേവിക്ഷേത്രം പ്രസിഡന്റ് കെ.ഡി. ഗിരിജൻ മേനോൻ, ശ്രീനാരായണക്ലബ്ബ് പ്രസിഡന്റ് വി.കെ. പ്രകാശ്, സത്‌സംഗം പ്രസിഡന്റ് ടി.എം. വിജയകുമാർ, ടി.എൻ. പ്രതാപൻ, കേരളകൗമുദി ബ്യൂറോചീഫ് ടി.കെ. സുനിൽകുമാർ എന്നിവർ ആശംസ നേർന്നു. പഠനശിബിരം കൺവീനർ പി.കെ. രഞ്ജിത് സ്വാഗതവും സത്‌സംഗം വൈസ് പ്രസിഡന്റ് ഇ.ടി. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

ബിജു പുളിക്കലേടത്തിന്റെയും എം.വി. നടേശന്റെയും പ്രതാപൻ ചേന്ദമംഗലത്തിന്റെയും പ്രഭാഷണങ്ങൾ നടന്നു.