p

കൊച്ചി: മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ സർക്കാർ പരിപാടികളിലും വെടിക്കെട്ടിന് അനുമതി നൽകാൻ പാടില്ലെന്ന് ഹൈക്കോടതി. നിയമം എല്ലാവർക്കും ഒന്നായിരിക്കണമെന്ന് ജസ്റ്റിസ് എസ്. ഈശ്വരൻ വ്യക്തമാക്കി.

നിബന്ധനകൾ പാലിച്ചില്ലെന്നാരോപിച്ച് ക്ഷേത്രങ്ങളിലടക്കം വെടിക്കെട്ടിന് ജില്ലാ മജിസ്‌ട്രേറ്റുമാർ അനുമതി നിഷേധിച്ചതിനെ ചോദ്യം ചെയ്യുന്ന ഹർജികളിലാണ് സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം.

ഒക്ടോബർ 11ലെ കേന്ദ്ര സർക്കാർ വിജ്ഞാപന പ്രകാരം, വെടിക്കെട്ട് നടത്തുന്നതിന് ഫയർ ഡിസ്‌പ്ലേ അസിസ്റ്റന്റ് അല്ലെങ്കിൽ ഫയർ ഡിസ്‌പ്ലേ ഓപ്പറേറ്ററെ നിയമിക്കേണ്ടതുണ്ട്. ഈ നിയമനം നടത്തിയെന്നതിന് എക്‌സ്‌പ്ലോസീവ്സ് കൺട്രോളർ നൽകുന്ന സർട്ടിഫിക്കറ്റില്ലാതെ അപേക്ഷ നൽകിയതാണ് ആരാധനാലയങ്ങൾക്ക് അനുമതി നിഷേധിക്കാൻ കാരണമെന്നായിരുന്നു സർക്കാർ വിശദീകരണം. ഫയർ ഡിസ്‌പ്ലേ ഓപ്പറേറ്ററെ നിയമിക്കാനുള്ള മാനദണ്ഡങ്ങൾ കേന്ദ്ര വിജ്ഞാപനത്തിൽ പറഞ്ഞിട്ടില്ലെന്നും അതിനാൽ വെടിക്കെട്ടിന് അനുമതി നൽകാൻ നിർദ്ദേശിക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.

ചട്ടങ്ങൾ നിലനിൽക്കുമ്പോൾ, വെടിക്കെട്ടിന് അനുമതി നൽകാൻ സംസ്ഥാന സർക്കാരിനെ നിർബന്ധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. .ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടിനുള്ള അതേ മാനദണ്ഡങ്ങൾ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുകൾ മുഖേനയടക്കം സർക്കാർ നേതൃത്വത്തിൽ നടത്തുന്ന ടൂറിസം പരിപാടികളിലും പാലിക്കണം..