കാക്കനാട്: തൃക്കാക്കര കെ.എം.എം കോളേജിലും കൊച്ചിൻ പബ്ലിക് സ്‌കൂളിലുമായി 21 കേരള ബറ്റാലിയൻ എറണാകുളത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച മുതൽ നടന്ന ക്യാമ്പിൽ കഴിഞ്ഞദിവസം ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിന് പിന്നാലെ ഇന്നലെ ക്യാമ്പ് പുനരാംരഭിക്കുമെന്ന് പറഞ്ഞെങ്കിലും കുട്ടികളെത്തിയില്ല. വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമാണ് ക്യാമ്പ് സ്ഥലത്ത് എത്തിയതെന്നാണ് വിവരം.

ഭക്ഷ്യവിഷബാധയെത്തുടർന്ന് കഴിഞ്ഞദിവസം നൂറോളം കുട്ടികളെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതറിഞ്ഞ് മാതാപിതാക്കളും നാട്ടുകാരും സംഭവസ്ഥലത്ത് എത്തുകയും പൊലീസും ക്യാമ്പ് അധികൃതമായി സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു. പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ക്യാമ്പ് നിറുത്തിവയ്ക്കുകയായിരുന്നു. ക്യാമ്പിനുവേണ്ടി തുറന്ന താത്കാലിക അടുക്കള അടച്ചിരിക്കുകയാണ്.

ഇന്നലെ ആരോഗ്യവകുപ്പ് തുടർപരിശോധന നടത്തി. ഡോ. സുനിതകുമാരിയുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ശശി കെ.എസ്, പി.എച്ച്.എൻ വിനോദിനി, അജ്മിയ, അബീന, ആശാ പ്രവർത്തക നിഷാബീവി എന്നിവർ കോളേജിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കോളേജിൽ ഉപയോഗിക്കുന്ന കിണർ വെള്ളത്തിന്റെയും മറ്റു കുടിവെള്ളത്തിന്റെയും സാമ്പിൾ പരിശോധനക്ക് അയച്ചു. പുതുതായി ആർക്കും രോഗലക്ഷണങ്ങൾ ഇല്ല.


*കുത്തിപ്പരിക്കേൽപ്പിച്ചെന്ന് കേസ്

എൻ.സി.സി കേഡറ്റുകളുടെ ക്യാമ്പിൽ അതിക്രമിച്ചു കയറിയ കണ്ടാലറിയാവുന്ന പ്രതികൾ പരാതിക്കാരനായ കെർണയിൽ സിംഗിനെ തടഞ്ഞുനിറുത്തി കൃത്യനിർവഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തിയശേഷം മൂർച്ഛയുള്ള ആയുധമുപയോഗിച്ച് കുത്തി പരിക്കേല്പിക്കുകയും ചെയ്തതായാണ് കേസ്. 21 കേരള എൻ.സി.സി ബറ്റാലിയൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് കെർണയിൽ സിംഗ്. പ്രധാന പ്രതികളിൽ ഒരാൾ മൂർച്ചയുള്ള ആയുധമുപയോഗിച്ച് കവിളിലും കഴുത്തിലും നടുവിനും കുത്തി പരിക്കേല്പിച്ചതായും തൃക്കാക്കര പൊലീസിനു മൊഴിനൽകി. വിവിധ വകുപ്പകൾ ചുമത്തി കണ്ടാലറിയാവുന്ന പ്രതികളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതായും റിപ്പോർട്ട് കോടതിക്കു നൽകിയതായും തൃക്കാക്കര പൊലീസ് അറിയിച്ചു.

23ന് രാത്രിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 100ലധികം കേഡറ്റുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഭക്ഷ്യവിഷബാധ സംബന്ധിച്ച വിവരം യഥാസമയം രക്ഷിതാക്കളെ എൻ.സി.സി ഓഫീസർ അറിയിച്ചില്ലെന്ന പരാതിയുമായെത്തിയ രക്ഷിതാക്കളേയും നാട്ടുകാരേയും അകത്തേക്ക് പ്രവേശിപ്പിക്കാൻ തയ്യാറാവാതെ വന്നതോടെയാണ് ഗേറ്റ് തുറന്ന് അകത്ത് പ്രവേശിച്ചവരുമായി ക്യാമ്പിനുള്ളിൽ സംഘർഷമുണ്ടായത്.