കോലഞ്ചേരി: കടയിരുപ്പ് നാൽക്കവലയിൽ ഇന്നലെ നടന്ന രണ്ട് അപകടങ്ങളിൽ

മൂന്ന് പെൺകുട്ടികൾക്ക് പരിക്കേ​റ്റു. ഉച്ചയ്ക്ക് 12ന് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടറോടിച്ച കടയിരിപ്പ് സ്വദേശിയായ പെൺകുട്ടിക്കാണ് പരിക്കേ​റ്റത്. വൈകിട്ട് 6.30ന് നടന്ന അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരായ രണ്ട് പെൺകുട്ടികൾക്കും പരിക്കേ​റ്റു. ഇവരെ ഇടിച്ച കാർ നിറുത്തിയില്ല. ഏഴക്കരനാട് സ്വദേശികളായ മിന്റു, മെറിൻ എന്നീ സഹോദരങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ കാലിന് സാരമായ പരിക്കുണ്ട്.

വലമ്പൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കുട്ടികളെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിറുത്താതെ പോയി. കടയിരുപ്പ് എൻ.എസ്.എസ് ഓഫീസിന് മുന്നിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡരികിലേയ്ക്ക് തെറിച്ച് വീണ കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.