
കൊച്ചി: പാവറട്ടി പഞ്ചായത്തിലെ കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ ജില്ലാ കളക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കളക്ടറുടെ നേതൃത്വത്തിൽ വനം, റവന്യൂ, പൊലീസ്, പഞ്ചായത്ത് അധികൃതരെയടക്കം ഉൾപ്പെടുത്തി മേൽനോട്ടസമിതി രൂപീകരിക്കണം. തുടർന്ന് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.
പാവറട്ടി പെരിങ്ങാട് പുഴ പുറമ്പോക്കിലെ 234.18 ഏക്കർ ഭൂമി 2021ൽ സംരക്ഷിത വനമേഖലയായി പ്രാഥമിക വിജ്ഞാപനം ചെയ്തതാണ്. ഇവിടെ കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിച്ചിട്ടും ഭൂമി കൈയേറിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വൺ എർത്ത് വൺ ലൈഫ് സംഘടനയുടെ ലീഗൽ ഡയറക്ടർ ടോണി തോമസാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി വീണ്ടും ജനുവരി 23ന് പരിഗണിക്കും.