
കൊച്ചി: സംസ്ഥാനത്തെ സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് ബിരുദമുള്ളവരെയും പരിഗണിക്കാമെന്ന് ഹൈക്കോടതി. ബിരുദധാരികൾ അപേക്ഷിക്കേണ്ടതില്ലെന്നറിയിച്ച് സർക്കാർ 2020ൽ ഇറക്കിയ ഉത്തരവ് റദ്ദാക്കിയ സിംഗിൾബെഞ്ച് വിധി ഭേദഗതി ചെയ്താണ് ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
ഓരോ സർവകലാശാലയിലും നിലവിലുള്ള ചട്ടങ്ങളനുസരിച്ച് പുതിയ നിയമനനടപടി സ്വീകരിക്കാനാണ് സിംഗിൾബെഞ്ച് നിർദ്ദേശിച്ചത്. എന്നാൽ നിയമനം അടിയന്തരമായി നടക്കേണ്ടതിനാൽ യോഗ്യത സംബന്ധിച്ച് പുനർവിജ്ഞാപനമിറക്കി പുതിയ ടെസ്റ്റ് നടത്തിയാൽ മതിയെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സർക്കാരും പി.എസ്.സിയും നൽകിയ അപ്പീൽ തീർപ്പാക്കുകയും ചെയ്തു.
സർവകലാശാലകൾക്ക് പ്രത്യേക ചട്ടങ്ങൾ ഉള്ളതിനാൽ സർക്കാരിനോ പി.എസ്.സിക്കോ യോഗ്യത നിഷ്കർഷിച്ച് ഉത്തരവിറക്കാനാകില്ലെന്നായിരുന്നു എതിർകക്ഷികളായ ഉദ്യോഗാർത്ഥികളുടെ വാദം.
അതേസമയം ലാസ്റ്റ്ഗ്രേഡ് നിയമനയോഗ്യതകൾ ഏകോപിപ്പിക്കാനും ഉന്നതവിദ്യാഭ്യാസം നേടാത്തവർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കാനുമാണ് ഉത്തരവിലൂടെ ശ്രമിച്ചതെന്ന് സർക്കാർ വാദിച്ചു. സർക്കാരിന്റെ നടപടി സദുദ്ദേശ്യപരമാണെങ്കിലും നിയമപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമനനടപടികൾക്ക് സർവകലാശാലകളെ ഉപദേശിക്കാൻ മാത്രമാണ് ബന്ധപ്പെട്ട നിയമം പി.എസ്.സിയെ അനുവദിച്ചിട്ടുള്ളത്. യോഗ്യത നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് നിലവിലെ സ്പെഷ്യൽ റൂൾസിന് വിരുദ്ധവുമാണ്. അതുകൊണ്ട് ബിരുദധാരികൾ അപേക്ഷിക്കേണ്ടതില്ലെന്ന ഭാഗം സർക്കാർ ഉത്തരവിൽനിന്ന് ഒഴിവാക്കി നിയമനനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.