
• ഗോത്രമേഖലയിൽ ഇനി സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കാം
കൊച്ചി: ഗോത്ര മേഖലയിലെ യുവതീ യുവാക്കൾക്ക് ഉപജീവനം നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ കെ-ടിക് (കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസസ് ആൻഡ് ഇന്നവേഷൻ സെന്റർ) പദ്ധതി ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് ഒമ്പത് ജില്ലകളിൽ പൂർത്തിയായി. അഞ്ച് ജില്ലകളിൽ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കും. ജനുവരിയിൽ പരിശീലനം തുടങ്ങും. ഒന്നര വർഷമാണ് പരിശീലനക്കാലാവധി.
എറണാകുളം ജില്ലയിൽ കുട്ടമ്പുഴ, വേങ്ങൂർ പഞ്ചായത്തുകളിലാണ് പദ്ധതി. കുട്ടമ്പുഴയിൽ ഇവർക്കായുള്ള ഓറിയന്റേഷൻ ക്ലാസുകൾ നടത്തി. വേങ്ങൂരിൽ ക്ലാസുകൾ ഉടനുണ്ടാകും.
ഈറ്ര, മുള ഉത്പന്നങ്ങൾ, തേനീച്ച വളർത്തൽ, വനവിഭവ ശേഖരണം തുടങ്ങി താത്പര്യമുള്ള മേഖലകളിൽ അവർക്ക് ഇഷ്ടമുള്ള സംരംഭങ്ങൾ തുടങ്ങാം. ഓരോരുത്തർക്കും അതനുസരിച്ച് പരിശീലനവും സാങ്കേതിക സഹായങ്ങളും നൽകും.
18നും 35നുമിടയിൽ പ്രായമുള്ളവരെയാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. എന്നാൽ 45 വയസുവരെയുള്ള പത്ത് ശതമാനം പേരും ഇതിൽ ഉൾപ്പെടും. മുമ്പ് ഏതെങ്കിലും ഘട്ടത്തിൽ സംരംഭം തുടങ്ങി താത്കാലികമായി നിറുത്തി വച്ചവരെ സഹായിക്കുന്നതിനാണിത്.
800 വീതം യുവതീയുവാക്കൾക്ക് പരിശീലനം
14 ജില്ലകളിലെയും ഗോത്രമേഖലയിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 800 യുവതീ, യുവാക്കളാണ് ഗുണഭോക്താക്കൾ. വയനാട്, പാലക്കാട് ജില്ലകളിൽനിന്ന് 100 പേർ വീതവും ബാക്കിയുള്ള ജില്ലകളിൽനിന്ന് 50 പേരെ വീതവുമാണ് തിരഞ്ഞെടുക്കുക. കോട്ടയം, കാസർകോട്, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇനി ഗുണഭോക്താക്കളെ കണ്ടെത്തണം.
താത്പര്യം അനുസരിച്ച് സംരംഭം
പ്രാദേശിക സാദ്ധ്യത മനസിലാക്കി സ്വയം സന്നദ്ധരായി എത്തുന്നവർക്ക് അവരുടെ താത്പര്യങ്ങൾക്കനുസരിച്ചുള്ള മേഖലകളിൽ സംരംഭങ്ങൾ തുടങ്ങാം. സാമ്പത്തിക സഹായം, പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം എന്നിവ കുടുംബശ്രീ നൽകും. ജീവനോപാധി എന്ന നിലയിൽ നന്നായി നടത്താൻ ഒരു വർഷത്തോളം ഒരാളുടെ മേൽനോട്ടത്തിൽ സഹായമുണ്ടാകും. ഇതിനായി പ്രത്യേക പരിശീലനം നൽകിയ മെന്റർമാരുണ്ടാകും. ഗോത്ര സങ്കേതങ്ങളിൽ അനിമേറ്റർരായി പ്രവർക്കുന്ന അംഗങ്ങളാണിവർ. 421പേരാണ് മെന്റർരായിട്ടുണ്ട്.
ജില്ലയിലെ ഗുണഭോക്താക്കൾ- 50
സംസ്ഥാനത്ത് ആകെ- 800
മെന്റർമാർ- 421