
തൃപ്പൂണിത്തുറ: കെ സ്മാർട്ട് പദ്ധതിയിലും സ്മാർട്ടാകാതെ തൃപ്പൂണിത്തുറയുടെ സാംസ്കാരിക, രാഷ്ട്രീയ ചടങ്ങുകൾക്കും നൃത്ത, സംഗീത സായാഹ്നങ്ങൾക്കും ആശ്രയിക്കാവുന്ന ഏക വേദിയായ ഇന്ദിരാ പ്രിയദർശിനി ലായം കൂത്തമ്പലം. പരിപാടികൾക്കായി ലായം കൂത്തമ്പലം ബുക്ക് ചെയ്യുന്നത് സംബന്ധിച്ച പരാതികൾ കൂടുന്നു. മുമ്പ് നഗരസഭയിലെത്തി ലഭ്യത നോക്കി തുകയടച്ചാൽ കൂത്തമ്പലം ബുക്ക് ചെയ്യാമായിരുന്നു. കെ-സ്മാർട്ട് പദ്ധതി ആരംഭിച്ചതോടെ രണ്ടുതവണ അക്ഷയയിലും നഗര സഭയിലും കയറിയിറങ്ങണം. അക്ഷയ കേന്ദ്രത്തിൽ അപേക്ഷ സമർഷിച്ചതിന്റെ രസീതുമായി നഗരസഭയിലെത്തി ഹാളിന്റെ ലഭ്യത വിലയിരുത്തി വീണ്ടും അക്ഷയ കേന്ദ്രത്തിൽ അപ്ഡേറ്റു ചെയ്ത് നഗരസഭയിലെത്തി പണമടക്കണം.
ഉദ്ഘാടനം കഴിഞ്ഞ് പത്ത് വർഷമാകാറാകുമ്പോഴും ആവശ്യമായ പരിപാലനമോ അറ്റകുറ്റപ്പണികളോ നടത്താതെ പരിതാപകരമായ അവസ്ഥ മറ്റൊന്ന്. മേൽക്കൂരയിലെ ചോർച്ച രൂക്ഷമായതോടെ ഷീറ്റുകൾ മാറ്റി സ്ഥാപിച്ചതൊഴികെ മറ്റൊരു അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ല. ലക്ഷത്തിന് മേൽ വരുമാനമുള്ള ഇവിടെ കെയർടേക്കർ വേണമെന്ന ആവശ്യവും നഗരസഭാ പ്രദേശത്ത് ആവശ്യത്തിനു ശൗചാലയങ്ങൾ ഇല്ലാത്തതിനാൽ ലായം കൂത്തമ്പലത്തിലെ ടോയ്‌ലറ്റുകളിൽ പൊതുജനങ്ങൾക്കായി തുറന്നു നല്കണമെന്ന ആവശ്യവും ശക്തമാണ്.
ബുക്ക് ചെയ്തിട്ടും ഹാളില്ല
കവി പി.ആർ. പുഷ്പാംഗദൻ തന്റെ കവിതാ സമാഹാരത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് 19ന് ബുക്ക് ചെയ്ത ഹാളിന്റെ പണമടയ്ക്കാൻ ചെന്നപ്പോൾ അന്നേദിവസം മറ്റൊരാൾ തുകയടച്ച് ബുക്ക് ചെയ്തെന്നും വേണമെങ്കിൽ 24ന് ഡേറ്റ് തരാമെന്നും നഗരസഭയിലെ ജീവനക്കാരൻ അറിയിച്ചു. ചടങ്ങ് മാറ്റാൻ കഴിയില്ലെന്നറിയിച്ചപ്പോൾ നഗരസഭാദ്ധ്യക്ഷ ഇടപെട്ട് ഒത്തുതീർപ്പാക്കി. ദിവസം മാറ്റിയതോടെ തനിക്ക് 15,000 രൂപയുടെ അധിക ചെലവ് വന്നെന്ന് അദ്ദേഹം പറഞ്ഞു.
റോട്ടറി തൃപ്പൂണിത്തറ 'പൈതൃകം' പരിപാടിയുമായി ബന്ധപ്പെട്ട് തുകയടച്ച് 22 നായി ബുക്ക് ചെയ്ത പരിപാടിയും മറ്റൊരാൾ തുക അടച്ചെന്ന് പറഞ്ഞതിനാൽ 18 ലേക്ക് മാറ്റി. പരിപാടി അവതരിപ്പിച്ച പാലക്കാട് നിന്നുള്ള 'കണ്യാർകളി' സംഘത്തിന്റെ മറ്റൊരു ബുക്കിംഗ് ഇതുമൂലം ക്യാൻസൽ ചെയ്യേണ്ടി വന്നു. ക്ലബ്ബിന് ഭീമമായ തുക നഷ്ടം വന്നു.
മാസങ്ങൾക്ക് മുമ്പ് ഒരു അനുസ്മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടി ബുക്ക് ചെയ്ത പ്രോഗ്രാം നടത്താനെത്തിയപ്പോൾ വേറൊരു സംഘത്തിന്റെ പരിപാടി നടക്കുകയായിരുന്നു. തുടർന്ന് കൂത്തമ്പലത്തിന്റെ പുറത്ത് താത്കാലിക സംവിധാനമൊരുക്കി അനുസ്മരണവും നടത്തി.
വൃത്തിഹീനമായ കോമ്പൗണ്ട്
 പൊതു ശൗചാലയത്തിന് പിറകിൽ ഉപയോഗശൂന്യമായ ടോയ്ലറ്റ് കമ്മോഡുകളും ആസ്ബസ്റ്റോസ് ഷീറ്റുകളും കൂട്ടിയിട്ടിരിക്കുന്നു
വിവിധ പാർട്ടികൾ പതിപ്പിച്ച സ്റ്റിക്കറുകളും പോസ്റ്ററുകളും നീക്കിയിട്ടില്ല.
ഉദ്ഘാടനത്തിനു ശേഷം ഇതുവരെ കെട്ടിടത്തിന് പെയിന്റ് അടിക്കുകയോ സ്റ്റേജിൽ അന്ന് സ്ഥാപിച്ച കർട്ടനുകൾ കഴുകുകയോ ചെയ്തിട്ടില്ല.
 ചരടുകൾ പൊട്ടിയതിനാൽ തിരശീല താഴ്ത്താൻ കഴിയാറില്ല.
 സ്റ്റേജിൽ ഫാനുകളോ മേശ, ഡെസ്ക് എന്നിവയോ നൽകിയിട്ടില്ല.
മികച്ച ശബ്ദ സംവിധാനവും മേശകളും നിലവിളക്ക് തുടങ്ങിയ അത്യാവശ്യ സാധനങ്ങളും നഗരസഭയുടെ ഭാഗത്തുനിന്ന് അനുവദിക്കണം. അതിനായി ഒരു തുകയീടാക്കുന്നതിലും വിരോധമില്ല.
പി.ഡി. സൈഗാൾ
സംഗീത സംവിധായകൻ
ഹാളുകളുടെ ലഭ്യത മനസ്സിലാക്കുന്ന വിധം കെ-സ്മാർട്ട് അപ്ഡേറ്റ് ചെയ്യണം. തുക അവിടെ തന്നെ അടക്കാനുള്ള സംവിധാനവും വേണം.
പി.കെ. പീതാംബരൻ,
പ്രതിപക്ഷനേതാവ്,
നഗരസഭ