1

പൊലീസ് നോട്ടീസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

 അനുമതി സുരക്ഷാ ഉപാധികളോടെ

കൊച്ചി: പശ്ചിമകൊച്ചിയിലെ പാപ്പാഞ്ഞി വിവാദത്തിന് നിയമനടപടികളിലൂടെ വിരാമം. പുതുവത്സരവേളയിൽ രണ്ടിടത്ത് പാപ്പാഞ്ഞികളെ കത്തിക്കാൻ ഹൈക്കോടതി അനുമതി നൽകി. വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുനീക്കണമെന്ന പൊലീസ് നോട്ടീസ് സ്റ്റേ ചെയ്ത കോടതി, സുരക്ഷ പാലിക്കാൻ ഉപാധികളും വച്ചു.

ഗാലാ ഡി ഫോർട്ട്കൊച്ചിയുടെ ഹർജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ നടപടി.

ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ കാർണിവൽ കമ്മിറ്റിയുടെയും വെളി മൈതാനത്ത് ഗാലാ ഡിയുടെയും നേതൃത്വത്തിൽ പാപ്പാഞ്ഞികൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ രണ്ട് പാപ്പാഞ്ഞികൾ കത്തിക്കേണ്ടന്നായിരുന്നു പൊലീസ് തീരുമാനം. വെളി മൈതാനത്ത് സ്ഥാപിച്ച പാപ്പാഞ്ഞിയെ എടുത്ത് മാറ്റണമെന്ന് സംഘാടകരെ സ്റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തി നിർദ്ദേശിച്ചു. സുരക്ഷാ കാരണങ്ങളാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് ഗാലാ ഡി ഹൈക്കോടതിയെ സമീപിച്ചത്.

ഇരു പക്ഷത്തുനിന്നും വിശദീകരണം തേടിയ ഹൈക്കോടതി, വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ
അനുമതി നൽകുകയായിരുന്നു.

70 അടി ചുറ്റളവിൽ ബാരിക്കേഡ്

തർക്കം നിലനിന്നിരുന്ന വെളി മൈതാനത്ത് പാപ്പാഞ്ഞിക്ക് 70 അടി ചുറ്റളവിൽ ഇവിടെ സുരക്ഷാ ബാരിക്കേഡുകൾ തീർക്കണമെന്നാണ് നിർദ്ദേശം. ഇതോടെ കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരേഡ് മൈതാനത്തും ഗാലാ ഡി കൊച്ചിയുടെ നേതൃത്വത്തിൽ വെളി മൈതാനത്തും പാപ്പാഞ്ഞിയെ കത്തിക്കാൻ തടസങ്ങൾ നീങ്ങി. രണ്ടു മൈതാനങ്ങളുമായി രണ്ടു കിലോമീറ്ററോളം വ്യത്യാസമുണ്ട്.

കോടതി ചോദിച്ചത്

1. ഫയർ ആൻഡ് സേഫ്റ്റി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവയുടെ അനുമതിയുണ്ടെങ്കിൽ ഫോർട്ടുകൊച്ചി വെളിയിലെ പാപ്പാഞ്ഞിക്ക് എന്തിനാണ് വിലക്കെന്ന് വാദത്തിനിടെ നേരത്തേ ഹൈക്കോടതി ആരാഞ്ഞിരുന്നു.

2. 50 അടി ഉയരമുള്ള പാപ്പാഞ്ഞിയെ പൊളിച്ചുനീക്കണമെന്ന് നിർദ്ദേശിച്ചത് പൊലീസ് ആക്ടിലെ ഏത് വകുപ്പുകൾ പ്രകാരമാണെന്നും ചോദിച്ചിരുന്നു.
3. പാപ്പാഞ്ഞിയെ അഗ്‌നിക്കിരയാക്കുന്നത് കൊച്ചിക്കാരുടെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.

 ഫോർട്ടുകൊച്ചിയിലെ പപ്പാഞ്ഞി

കൊച്ചിക്കാരുടെ പുതുവത്സര ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതാണ് പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ്. ക്രിസ്മസിനോട് അനുബന്ധിച്ച് ഉയർത്തുന്ന പാപ്പാഞ്ഞിയെ പുതുവത്സര രാത്രിയിലാണ് അഗ്‌നിക്കിരയാക്കുന്നത്. ഫോർട്ട് കൊച്ചി പരേഡ് ​ഗ്രൗണ്ടിലാണ് കാർണിവലിനോടനുബന്ധിച്ച് ലോകപ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്. പരേഡ് ഗ്രൗണ്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള വെളി ഗ്രൗണ്ടിലാണ് ഗാലാ ഡി ക്ലബ്ബ് തങ്ങളുടെ പാപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്.