പറവൂർ: പറവൂരിലെ കഥകളി ആസ്വാദകരുടെ കൂട്ടായ്മയായ കളിരങ്ങിന്റെ കഥകളി കലാകാരന്മാർക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കോട്ടയ്ക്കൽ കുഞ്ഞിരാമൻ (അണിയറ കലാകാരൻ - പോട്ടയിൽ രാമകൃഷ്ണപിള്ള സ്മാരകം), കലാനിലയം ബാബു (മദ്ദളം - തിട്ടാഴത്ത് പുരുഷോത്തമൻ പിള്ള സ്മാരകം), കലാമണ്ഡലം കൃഷ്ണൻകുട്ടി (സംഗീതം - പിഷാരത്ത് ജെ. തങ്കം സ്മാരകം), കോട്ടയ്ക്കൽ ഹരിദാസ് (നടൻ - പെരുന്തോടത്ത് നന്ദകുമാർ സ്മാരകം), കലാമണ്ഡലം കേശവൻ നമ്പൂതിരി (നടൻ - കീശേരി ഇല്ലം നാരായണൻ ഇളയത് സ്മാരകം), സദനം രാമകൃഷ്ണൻ (ചെണ്ട -ഡോ. വി. അപ്പുക്കുട്ട മേനോൻ സ്മാരകം) രഞ്ജിനി സുരേഷ് (നടി - ചെറുവല്യാകുളങ്ങര ശ്രീദേവി വാരസ്യാർ സ്മാരകം) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. 7,777 രൂപയും ഫലകവുമാണ് പുരസ്കാരം. പതിമൂന്നാം വാർഷിക ദിനമായ ജനുവരി അഞ്ചിന് ഉച്ചക്ക് രണ്ടരക്ക് വെളുത്താട് ക്ഷേത്രം ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. കാലടി സംസ്കൃത സർവകലാശാല തിയറ്റർ വിഭാഗം മുൻ മേധാവിയും സംവിധായകനമായ രമേഷ് വർമ്മ മുഖ്യാതിഥിയാകും. ചടങ്ങിൽ കഥകളി സംഘാടക നിഷ മേനോൻ ചെമ്പകശേരി, കഥകളി സംഗീതത്തിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടിയ സയാൻ അഹമ്മദ് എന്നിവരെ ആദരിക്കും.