chuvadi-fest-
ചുവടി ഫെസ്‌റ്റ് 2024 കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ഗോതുരുത്ത് ദി സ്പോർട്സ് ആൻഡ് ആർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ചവിട്ടുനാടകങ്ങളുടെ ഉത്സവമായ ചുവടി ഫെസ്‌റ്റ് 2024 ഗോതുരുത്ത് എസ്.എ.സി മാരിടൈം ആർട്‌സ് സെന്റർ ചിന്നത്തമ്പി അണ്ണാവി സ്ക്വയറിൽ തുടങ്ങി. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. എസ്.എ.സി പ്രസിഡന്റ് നിവിൻ മിൽട്ടൻ അദ്ധ്യക്ഷനായി. ക്ലബ് രക്ഷാധികാരി ഫാ. ജോയ് തേലക്കാട്ട്, മൂലൻസ് ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് മൂലൻ, ഷിപ്പി സെബാസ്‌റ്റ്യൻ, ജോമി ജോസി, അനന്യ ജഹനാര, അനീഷ് റാഫേൽ, എം. ജിബിൻ ജോർജ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. തുടർന്ന് പള്ളിപ്പുറം സെന്റ് റോക്കീസ് നൃത്തകലാഭവന്റെ ചവിട്ടുനാടകം 'നെപ്പോളിയൻ ബോണപ്പാർട്ട്' അരങ്ങേറി. രണ്ടാം ദിനമായ ഇന്നലെ ഗോതുരുത്ത് കേരള ചവിട്ടുനാടക അക്കാഡമി 'ശ്രീധർമശാസ്തതാവ്" അവതരിപ്പിച്ചു. ഇന്ന് വൈകിട്ട് ഏഴിന് ആലപ്പുഴ കൃപാസനത്തിന്റെ 'കൊട്ടാര രഹസ്യം" അരങ്ങേറും. നാളെ വൈകിട്ട് ഏഴിന് ഡോക്യുമെന്ററി സിനിമ 'തിരൈകൂത്ത്" പ്രദർശിപ്പിക്കും. രാത്രി എട്ടിന് ഗോതുരുത്ത് യുവജന ചവിട്ടുനാടക കലാസമിതി 'കാറൽസ്‌മാൻ" അവതരിപ്പിക്കും. സമാപന ദിനമായ 30ന് വൈകിട്ട് ഏഴിന് സമാപന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. എസ്.എ.സി പ്രസിഡന്റ് നിവിൻ മിൽട്ടൻ അദ്ധ്യക്ഷനാകും. തുടർന്ന് കുറുമ്പത്തുരുത്ത് യുവകേരള കലാസമിതി 'മാക്ബത്ത്"ചവിട്ടുനാടകം അവതരിപ്പിക്കും.