
കൊച്ചി: മെട്രോയുടെ മൂന്നാം ഘട്ടത്തിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചതിനു പിന്നാലെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ.) തയാറാക്കാൻ കെ.എം.ആർ.എൽ ടെൻഡർ ക്ഷണിക്കും. അടുത്തമാസം ടെൻഡർ ക്ഷണിച്ചേക്കും. ആറ് മാസം മുതൽ ഒരു വർഷത്തിനുള്ളിൽ വിശദമായ പദ്ധതിരേഖ സമർപ്പിക്കണം.
റൂട്ട്, ഏറ്റെടുക്കേണ്ട സ്ഥലം, പദ്ധതി ചെലവ്, എത്രനാൾ കൊണ്ട് പൂർത്തീകരിക്കാനാകും, ആളുകളെ ഒഴിപ്പിക്കേണ്ടി വരുമോ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പടെയുള്ള പദ്ധതി രേഖയാണ് സമർപ്പിക്കേണ്ടത്.
2018ൽ മൂന്നാം ഘട്ടം വിഭാവനം ചെയ്യുമ്പോൾ ആലുവ മുതൽ അങ്കമാലി വരെ നേരിട്ട് മെട്രോ പാതയും ആ പാതയ്ക്കിടയിൽ വിമാനത്താവളത്തിലേക്ക് വ്യതിചലിക്കുന്ന മറ്റൊരു പാതയുമായിരുന്നു. എന്നാൽ, കരിയാട് ജംഗ്ഷനിൽനിന്ന് വിമാനത്താവളം വഴി അങ്കമാലിയിലേക്ക് എന്ന തരത്തിലാണ് ഇപ്പോൾ പരിഗണന. 2024ന്റെ തുടക്കത്തിലാണ് റൂട്ട് പരിഷ്‌കരിക്കാമെന്ന് കെ.എം.ആർ.എൽ തീരുമാനിച്ചത്.
ഭൂഗർഭപാതയും പരിഗണനയിൽ
ആലുവ മുതൽ അങ്കമാലി വരെയുള്ള മൂന്നാം ഘട്ടത്തിൽ ഭൂഗർഭ പാതയും പരിഗണനയിലുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാത വിമാനത്താവളത്തിൽ (സിയാൽ) എത്തുന്നതിലെ ഒടുവിലത്തെ സ്റ്റേഷൻ ഭൂഗർഭ സ്റ്റേഷനായി നിർമ്മിക്കാനാണ് കെ.എം.ആർ.എൽ ആലോചന. സിയാലിലേത്. മൂന്നാം ഘട്ട പദ്ധതിയിലെ ഏറ്റവും വലിയ സ്റ്റേഷനായിരിക്കും. വിമാനത്താവളത്തിന്റെ സ്ഥലം നഷ്ടപ്പെടാത്തവിധം സ്റ്റേഷൻ നിർമ്മിക്കണമെന്ന സിയാലിന്റെ ആവശ്യംകൂടി പരിഗണിച്ചാണ് ഭൂഗർഭ സ്റ്റേഷൻ നിർമ്മിക്കാൻ ആലോചിക്കുന്നതെന്ന് കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു.
ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായുള്ള ആർ.ഐ.ടി.ഇ.എസ് (റൈറ്റ്‌സ്) എന്ന പൊതുമേഖലാ സ്ഥാപനമാണ് മെട്രോ രണ്ടാം ഘട്ടത്തിന്റെ വിശമായ പദ്ധതി രേഖ തയാറാക്കിയത്. 2013ൽ ടെൻഡൽ സ്വീകരിച്ച അവർ 2016 ലാണ് പദ്ധതി രേഖ സമർപ്പിച്ചത്. ഈ പദ്ധതി രേഖ പിന്നീട് ഒന്നിലേറെ തവണ പരിഷ്‌കരിച്ചു.
രണ്ടാം ഘട്ടം അതിവേഗം പുരോഗമിക്കുന്നു
രണ്ടാം ഘട്ടമായ കാക്കാനാട് റീച്ചിന്റെ നിർമ്മാണ ജോലികൾ അതിവേഗമാണ് പുരോഗമിക്കുന്നത്. ആകെയുള്ള 456 തൂണുകൾക്കായുള്ള ജോലികളാണ് ആദ്യ ഘട്ടത്തിൽ. അഞ്ചു സ്‌റ്റേഷനുകളുടേതായി 40 ലേറെ പൈലിംഗ് ജോലികളും ട്രാക്കിന്റെ 20ലേറെ പൈലിംഗ് ജോലികളും ഇതിനോടകം പൂർത്തിയായി. പ്രധാന പാതയിലെ റോഡ് വീതികൂട്ടൽ നടപടികൾ അന്തിമ ഘട്ടത്തിലുമാണ്.