കോലഞ്ചേരി: ഐരാപുരം റബർ പാർക്കിലെ വ്യവസായ ശാലകളിൽ നിന്നുമെത്തുന്ന മലിനജലം പെരിയാർ വാലി കനാലിനെ മാലിന്യവാഹിനിയാക്കുന്നത് പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്നു. നാളുകളായി തുടരുന്ന ഈ നിയമലംഘനത്തിനെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും നടപടി നാമമാത്രമെന്നാണ് പരാതി. കനാലിന്റെ കിഴക്ക് ഭാഗത്ത് നിന്നാണ് മാലിന്യമൊഴുകുന്നതായി കാണുന്നത്. ഈ മേഖലയിൽ പ്ളൈവുഡ് അനുബന്ധ വ്യവസായങ്ങൾക്ക് പശയുണ്ടാക്കുന്ന കമ്പനികളാണ് പ്രവർത്തിക്കുന്നത്. വിശദമായ പരിശോധിച്ചാൽ മാത്രമാണ് മാലിന്യത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയൂ. നാളുകളായി അഴുക്ക് നിറഞ്ഞ് കിടന്ന കനാൽ കഴിഞ്ഞ ദിവസം ശുചീകരിച്ചപ്പോഴാണ് നിറയെ മാലിന്യം കണ്ടെത്തിയത്. നീരൊഴുക്ക് കുറവായതിനാൽ മാലിന്യം റബർ പാർക്ക് മേഖലയിൽ തന്നെ കെട്ടി കിടക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പെരിയാർ വാലി കോലഞ്ചേരി ഡിവിഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. റബർ പാർക്കിന് സമീപമുള്ള കടയംകോട്ട ഹംസ, ബഷീർ എന്നിവരുടെ വീട്ടിലെ കിണറുകൾ രാസമാലിന്യങ്ങൾ നിറഞ്ഞ നിലയിലാണ്.

പാർക്കിനകത്ത് പ്രവർത്തിക്കുന്ന ഒരു ആശുപത്രിയോട് ചേർന്ന് കിണറിലും മാലിന്യം നിറഞ്ഞു. ഫാക്ടറികളിൽ നിന്നുള്ള ശുദ്ധീകരിക്കാത്ത മാലിന്യങ്ങളാണ് മലിനീകരണത്തിന്റെ ഉറവിടമെന്നാണ് നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

കുടിവെള്ളത്തിനായി കിണറുകളെ ആശ്രയിക്കുന്ന ഈ മേഖലയിലുള്ളവർക്ക് കനാലിലെ മലിനീകരണം അതീവ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. കൃഷിക്ക് ഉപയോഗിക്കുന്നതും ഇതേ കനാലിലെ വെള്ളമാണ്. കൃഷിയിടങ്ങൾ പാടേ നാശത്തിന്റെ വക്കിലാണ്. കുട്ടികൾ ത്വക്ക്, ജലജന്യ രോഗങ്ങൾ ഉൾപ്പടെയുള്ള ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്ക് ഇരയാകുന്നു. വിഷജലത്തിന്റെ സമ്പർക്കം മൂലമുണ്ടാകുന്ന അണുബാധകൾ, വിട്ടുമാറാത്ത രോഗങ്ങളിലേക്കാണ് നയിക്കുന്നത്.

ആവശ്യമായ അടിയന്തര നടപടികൾ

നിലവിൽ സുരക്ഷിതമല്ലാത്തതിനാൽ മലിനീകരണം പരിഹരിക്കുന്നതുവരെ കനാലിലെ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കണം
ഗാർഹിക ആവശ്യങ്ങൾക്കും കാർഷിക ആവശ്യങ്ങൾക്കും കനാൽ വെള്ളം ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് പ്രദേശവാസികളെ ബോധവത്കരിക്കണം
വെള്ളം മലിനമാണെന്നും ഉപയോഗയോഗ്യമല്ലെന്നും കാണിച്ച് കനാലിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം
മലിനജലം ശുദ്ധീകരിക്കാതെ പുറന്തള്ളുന്ന വ്യവസായ സ്ഥാപനങ്ങളെ തിരിച്ചറിയാൻ പരിശോധന നടത്തണം

പ്രധാന ആവശ്യങ്ങൾ

മാലിന്യ സംസ്‌കരണ പ്ലാന്റുകൾ (ഇ.ടി.പി) സ്ഥാപിക്കാൻ നിർദ്ദേശം നൽകുക
ശുദ്ധീകരിക്കാത്ത മാലിന്യങ്ങൾ കനാലിലേക്ക് പുറന്തള്ളുന്നില്ലെന്ന് ഉറപ്പാക്കുക
ജലത്തിന്റെ ഗുണനിലവാരം പതിവായി നിരീക്ഷിക്കുകയും കണ്ടെത്തലുകൾ പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യുക
ദുരിതബാധിതർക്ക് ശുദ്ധമായ കുടിവെള്ളവും വൈദ്യസഹായവും ഉറപ്പാക്കുക