
പള്ളുരുത്തി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കച്ചേരിപ്പടി ഗ്രൗണ്ട് ഫ്രണ്ട്സിന്റെ ആഭിമുഖ്യത്തിൽ 35 അടി ഉയരമുള്ള ഗിറ്റാർ കയ്യിലേന്തിയ പപ്പാഞ്ഞിയെ നിർമ്മിച്ചു. പപ്പാഞ്ഞിയുടെ തനിമ നിലനിർത്തി കൊണ്ട് ആർട്ടിസ്റ്റുകളായ രഞ്ജിത്ത് ക്രിയേറ്റർ, ഇ.എസ്. ഷിറാസ് , സേവ്യർ എന്നിവരാണ് പപ്പാഞ്ഞിയെ നിർമ്മിച്ചത്. മാരക രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളെ സഹായിക്കുന്നതിനായി മെഗാ നറുക്കെടുപ്പും സംഘടന നടത്തുന്നുണ്ട്. സംഘടനയുടെ ആഭിമുഖ്യത്തിൽ 31ന് രാത്രി 9 മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. ആട്ടവും പാട്ടും വിവിധ തരം കലാപരിപാടികളുമായി പുലർച്ചെ വരെയാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പള്ളുരുത്തി വെളി മൈതാനിയിലും കൂറ്റൻ പപ്പാഞ്ഞി ഒരുങ്ങുന്നുണ്ട്. ഇവിടെ 31ന് പകൽ മുതൽ നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.