k

കൊച്ചി: ഡി.എം.ഒ തർക്കത്തിൽ പുതിയ വഴിത്തിരിവ്. കോഴിക്കോട് ഡി.എം.ഒയായി ഡോ. എൻ രാജേന്ദ്രന് തുടരാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഒരു മാസത്തേയ്ക്ക് സ്ഥലംമാറ്റത്തിന് മുമ്പുള്ള തത്‌സ്ഥിതി തുടരാണ് ഉത്തരവ്. കേസ് ഒൻപതിന് വീണ്ടും പരിഗണിക്കും.

സ്ഥലംമാറ്റത്തിനെതിരെ ഡോ.എൻ. രാജേന്ദ്രനടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇതോടെ കോഴിക്കോട് ഡി.എം.ഒയ്ക്ക് പുറമെ തിരുവനന്തപുരം ഡി.എം.ഒ ഡോ.വി. ജയശ്രീ, കണ്ണൂർ ഡി.എം.ഒ ഡോ.എം. പിയൂഷ് എന്നിവർക്കും സ്ഥാനത്ത് തുടരാം.

മൂന്ന് ഡി.എം.ഒ.മാരേയും സ്ഥലംമാറ്റി ഡിസംബർ 9നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. എറണാകുളം ഡി.എം.ഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട്ട് നിയമിച്ചു. ഇതിൽ പരാതികളുമായി ഹർജിക്കാ‌ർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. സ്ഥലംമാറ്റം ലഭിച്ചവരെയെല്ലാം കേട്ട് ഒരു മാസത്തിനകം തീരുമാനമെടുക്കാനാണ് ഡിസംബർ 20ന് ട്രൈബ്യൂണൽ ഉത്തരവിട്ടത്.

എന്നാൽ, ഇത് അവഗണിച്ച് 24ന് ആരോഗ്യവകുപ്പ് ഡയറക്ടർ പുതിയ ഉത്തരവിട്ടു. ഡി.എം.ഒമാർ സ്ഥലംമാറ്റിയ ജില്ലയിൽ ഉടൻ ചുമതലയേൽക്കണമെന്നായിരുന്നു നിർദ്ദേശം. ഇത് ഡോ. രാജേന്ദ്രനും ഡോ. ആശയും തമ്മിലുള്ള കസേരകളിക്ക് ഇടയാക്കി. രണ്ട് ഡി.എം.ഒമാരും ഓഫീസിലെത്തിയത് വിവാദവുമായി. തുടർന്നാണ് വിഷയം ഹൈക്കോടതിയിൽ എത്തിയത്.

ട്രൈബ്യൂണൽ ഉത്തരവ് നിലനിൽക്കേ ഡയറക്ടർ ഇത്തരമൊരു നിർദ്ദേശം നൽകരുതായിരുന്നുവെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. സ്ഥലംമാറ്റത്തിൽ ആരോഗ്യവകുപ്പിൽനിന്ന് സ്വേച്ഛാപരമായ തീരുമാനമാണുണ്ടായതെന്ന ട്രൈബ്യൂണലിന്റെ വിലയിരുത്തലിനെ ഹൈക്കോടതി അനുകൂലിച്ചു. ട്രൈബ്യൂണലിന്റെ നിർദ്ദേശപ്രകാരം ബന്ധപ്പെട്ടവരെ കേട്ട് സ്ഥലംമാറ്റത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് ഇടക്കാല ഉത്തരവ് തടസല്ലെന്നും വ്യക്തമാക്കി.